ഓണാവധിക്ക് ശേഷം ഇന്ന് സ്‌കൂളുകള്‍ തുറക്കുകയാണ്. അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പ്രളയക്കെടുതിയെ അതിജീവിച്ച് എല്ലാവരും മുന്നേറുകയാണ്. നല്ല ഉത്സാഹത്തോടെ തന്നെ എല്ലാ വിദ്യാര്‍ഥികളും സ്‌കൂളുകളിലേക്ക് പോകണമെന്നും പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവരാരും അതോര്‍ത്ത് വിഷമിക്കേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം എല്ലാവര്‍ക്കും പുതിയ പാഠപുസ്തകങ്ങള്‍ നല്‍കും. യൂണിഫോം നഷ്ടമായവര്‍ക്ക് പുതിയ യൂണിഫോം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
അപ്രതീക്ഷിതമായി ഉണ്ടായ പ്രളയക്കെടുതികളെ അതിജീവിച്ച് നാം വീണ്ടും ജീവിതത്തിലേക്ക് മുന്നേറുകയാണ്.നേരിട്ട ദുരിതങ്ങളെയെല്ലാം തരണം ചെയ്ത് നമ്മുടെ കുഞ്ഞുങ്ങൾ ഇന്നു മുതൽ വീണ്ടും ആത്മവിശ്വാസത്തോടെ സ്കൂളുകളിലേക്ക് മടങ്ങും.ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന ചില സ്കൂളുകൾ ഒഴികെ ബാക്കി എല്ലാ സ്കൂളുകളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി കുട്ടികളെ സ്വീകരിക്കുവാൻ തയ്യാറായി കഴിഞ്ഞു. നല്ല ഉത്സാഹത്തോടെ തന്നെ എല്ലാവരും സ്കൂളുകളിലേക്ക് പോകണം.
മഴക്കെടുതിയിൽ പാഠപുസ്തകങ്ങൾ നഷ്ടപെട്ടവരാരും അതോർത്ത് വിഷമിക്കേണ്ടതില്ല. പുസ്തകങ്ങൾ ഇല്ലാതെ സ്‌കൂളിൽ പോകേണ്ടി വരുമെന്ന പേടിയോ മടിയോ ആർക്കും വേണ്ട.നഷ്ടപെട്ട പുസ്തകങ്ങൾക്ക് പകരം നിങ്ങൾക്ക് എല്ലാവർക്കും പുതിയ പാഠപുസ്തകങ്ങൾ നൽകും.ഇതിനായി പാഠപുസ്തകങ്ങൾ പ്രത്യേകമായി അച്ചടിച്ച് വിതരണത്തിന് തയ്യാറായി കഴിഞ്ഞു.ഇനി യൂണിഫോം നഷ്ടമായ കുട്ടികൾ ഉണ്ടെങ്കിൽ അവരും സങ്കടപെടണ്ടതില്ല. നിങ്ങൾക്ക്പുതിയ യൂണിഫോം ലഭിക്കും.
പ്രളയം ഏറ്റവും കൂടുതൽ ദുരന്തം വിതച്ച പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠിക്കുവാനുള്ള ആത്മവിശ്വാസവും ഊർജ്ജവും പകരുവാൻ രക്ഷിതാക്കളും അധ്യാപകരും സന്നദ്ധ പ്രവർത്തകരും ശ്രദ്ധിക്കണം.ദുരന്തം പലരുടേയും കുടുംബത്തേയും സങ്കടപ്പെടുത്തുന്നുണ്ടാകും. അതൊന്നും കുട്ടികളെ ബാധിക്കരുത്, മാതാപിതാക്കള്‍ക്ക് കരുത്തും സന്തോഷവുമാകാന്‍ ഓരോരുത്തര്‍ക്കും കഴിയണം.നഷ്ടപ്പെട്ടതെല്ലാം നമുക്ക് തിരിച്ചു പിടിക്കാനാകും. നിങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ എല്ലാ പിന്തുണയുമായുണ്ടാകും.
എങ്കിലും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ശ്രദ്ധ പുലർത്തി മികവിന്റെ പുതിയ അധ്യായങ്ങൾ രചിച്ച് നവകേരളത്തിന്റെ സൃഷ്‌ടിയിൽ പങ്കാളികളാകുവാൻ നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.