തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധിക്കാമെന്ന കാര്യം വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നു. നിലവിലെ ഫീസ് മൂന്നിരട്ടിവരെ കൂടാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് നീക്കം. അതിനിടെ പുതിയ സാഹചര്യത്തിൽ ഇന്ന് ഉച്ചക്ക് 12 മുതൽ നാളെ 12 വരെ ഓപ്ഷനുകൾ റീ അറേഞ്ച് ചെയ്യാൻ പ്രവേശന പരീക്ഷാ കമ്മീഷണർ അനുവാദം നൽകി. ഫീസ് കുറയുമെന്ന് കണ്ട് ഓപ്ഷൻ നൽകിയ പാവപ്പെട്ട വിദ്യാർത്ഥികളാണ് ഇതോടെ വെട്ടിലായത്.
ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള സർക്കാർ നീക്കം. എജിയുമായി ആരോഗ്യവകുപ്പ് ചർച്ച നടത്തി. പക്ഷെ സുപ്രീംകോടതി തീരുമാനം വരും വരെ പ്രവേശന നടപടികൾ നീട്ടിക്കൊണ്ട് പോകാനാകില്ല. ഇതോടെയാണ് കോളേജുകൾ മാറ്റ് ഓപ്ഷൻ നൽകാൻ പ്രവേശന പരീക്ഷാ കമ്മീഷണർ ഒരു ദിവസത്തെ സമയം അനുവദിച്ചത്.