തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം ; പരാതികളറിയിക്കാൻ ‘ഷീ-ബോക്സ് ‘ പോർട്ടലുമായി കേന്ദ്രം

ന്യൂഡൽഹി : രാജ്യത്ത് തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ച പരാതികൾ അറിയിക്കാൻ പുതിയ പോർട്ടൽ ആരംഭിച്ച് കേന്ദ്ര സർക്കാർ.

കേന്ദ്രമന്ത്രി മനേക ഗാന്ധിയാണ് ചൊവ്വാഴ്ച സ്ത്രീകൾക്കായുള്ള ഈ ഓൺലൈൻ പോർട്ടൽ അവതരിപ്പിച്ചത്.

‘ഷീ-ബോക്സ്’ എന്നാണ് പുതിയ പോർട്ടലിന് നൽകിയിരിക്കുന്ന പേര്.

സ്ത്രീകളുടെയും കുട്ടികളുടെയും വികസന മന്ത്രാലയത്തിൻറെ വെബ്സൈറ്റാണ് പുതിയ പോർട്ടലിന്റെ ആതിഥേയത്വം വഹിക്കുന്നത്.

ഓൺലൈനിൽ സമർപ്പിക്കുന്ന എല്ലാ പരാതികളും പരിശോധിക്കുകയും, തുടർന്ന് ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ഐസിസിയുടെ (ആന്തരിക പരാതി കമ്മറ്റി) കീഴിൽ പരാതി അയക്കുകയും ചെയ്യും.

പരാതി സംബന്ധിച്ച് ഐസിസിയുടെ നടപടികൾ പോർട്ടൽ വഴി പരാതിക്കാർക്ക് നിരീക്ഷിക്കാൻ കഴിയും.

സർക്കാർ ജീവനക്കാർക്ക് നേരത്തെ വെബ് പേജ് ആരംഭിച്ചിരുന്നു.അതിന്റെ ഭാഗമായാണ് പുതിയ പോർട്ടൽ ആരംഭിച്ചതെന്ന് കേന്ദ്ര മന്ത്രി മേനക ഗാന്ധി പറഞ്ഞു.

2013 ലെ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമത്തിനെതിരെയുള്ള നിയമ പ്രകാരം പത്തോ അതിലധികമോ ജീവനക്കാർ ഉള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി കമ്മിറ്റി (ഐസിസി) രൂപീകരിക്കാൻ ഉത്തരവിറക്കിയിരുന്നു.

റിപ്പോർട്ട് : രേഷ്മ പി. എം

Top