പാക്കിസ്ഥാനെ പ്രതിരോധിക്കാൻ ഉജ്ജ് നദിയിലെ ജലം അണകെട്ടി തടയാനൊരുങ്ങി ഇന്ത്യ

Indus river

ന്യൂഡല്‍ഹി : പാക്കിസ്ഥാന് മേൽ കൂടുതൽ നിയന്ത്രണം നടപ്പാക്കുന്നതിന് ഉജ്ജ് നദിയിലെ ജലം അണകെട്ടി ഇന്ത്യ തടയാനൊരുങ്ങുന്നു. സിന്ധു നദീജല കരാറിന്റെ ഭാഗമായി നദിയുടെ പോഷകനദിയായ രവിയിലെ വെള്ളം ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. രവിനദിയുടെ ഉപനദിയായ ഉജ്ജിലാണ് അണക്കെട്ട് നിര്‍മ്മിക്കുക.

ഇത്തരത്തിൽ ഇന്ത്യ സ്വന്തമാക്കുന്ന വെള്ളമുപയോഗിച്ച് 200 മെഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കാനും പുറമെ 30,000 ഹെക്ടര്‍ സ്ഥലത്തേക്ക് ജലസേചനം എത്തിക്കാനും പദ്ധതിയുണ്ട്. കേന്ദ്ര ജല കമ്മീഷന്‍ പുതിയ നടപടിയുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് ജമ്മുകശ്മീര്‍ സര്‍ക്കാരിന് നല്‍കി.

ഉജ്ജ് മള്‍ട്ടി പര്‍പ്പസ് പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ നദിയിലെ ജലം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അണക്കെട്ടിന്റെ നിര്‍മാണം അധികം വൈകാതെ തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഉജ്ജ് നദിയിലെ ജലം അതിര്‍ത്തി കടന്ന് നിലവിൽ പാക്കിസ്ഥാനിലാണ് എത്തുന്നത്. ഇത് തടയാനാണ് സർക്കാർ പുതിയ പദ്ധതി നടപ്പാക്കുന്നത്. കശ്മീരിലെ കത്വാ ജില്ലയിൽ 6.5 ലക്ഷം ഏക്കര്‍ അടി ജലം സംഭരിക്കാന്‍ ശേഷിയുള്ള അണക്കെട്ടാണ് നിര്‍മിക്കുക.

2001ല്‍ ഈ പദ്ധതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ജലകമ്മീഷൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ 16 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ വിഷയത്തിൽ അന്തിമ റിപ്പോർട്ട് തയാറായത്.2016 ലെ ഉറി ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക സംഘത്തെ കരാര്‍ പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ചിരുന്നു. തുടർന്ന് ഇന്ത്യയ്ക്ക് അവകാശപ്പെട്ട നദീജലം പരമാവധി ഉപയോഗിക്കാന്‍ സംഘം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

Top