ന്യൂഡല്‍ഹി : ബാങ്കുകളില്‍ നിന്ന് പരിധിയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ അതിനു ‘ബാങ്കിങ് കാഷ് ട്രാന്‍സാക്ഷന്‍ ടാക്‌സ്’ (ബിസിടിടി) ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
കഴിയുന്നതും നോട്ടുകളുടെ പ്രചാരം കുറയ്ക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണിത്.ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതു പ്രഖ്യാപിക്കുമെന്നാണ് സൂചന.
രാജ്യത്ത് ഇതാദ്യമായല്ല കാഷ് നികുതി.2005ല്‍ അന്നത്തെ ധനമന്ത്രി പി. ചിദംബരമാണ് ഈ നികുതി ആദ്യമായി ഏര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് 2009ല്‍ ഇത് പിന്‍വലിക്കുകയായിരുന്നു.
സേവിങ്‌സ് അക്കൗണ്ടുകള്‍ ഒഴികെയുള്ള അക്കൗണ്ടുകളില്‍ നിന്നു പണം പിന്‍വലിക്കുമ്പോള്‍ 0.1 ശതമാനം നികുതിയാണ് അന്നു ചുമത്തിയിരുന്നത്. 50,000 രൂപയ്ക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഇതു ബാധകമായിരുന്നു. കാര്യമായ വരുമാനമൊന്നും ഈ നികുതി വഴി ലഭ്യമായില്ല. കള്ളപ്പണം തടയാനുമായില്ല.
ആദ്യവര്‍ഷം 220 കോടി രൂപയും രണ്ടാം വര്‍ഷം 440 കോടി രൂപയും മാത്രമാണു ലഭ്യമായത്. മാത്രമല്ല, കള്ളപ്പണം കണ്ടെത്താന്‍ മറ്റു പല പുതിയ വഴികളും കേന്ദ്ര ധനമന്ത്രാലയം ആവിഷ്‌കരിക്കുകയും ചെയ്തു.
കള്ളപ്പണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത് മൂന്നുലക്ഷം രൂപയ്ക്കു മേല്‍ നോട്ടുകളിലുള്ള ഇടപാടുകള്‍ നിരോധിക്കണം എന്നായിരുന്നു. ഒരു വ്യക്തിക്കു പരമാവധി നോട്ടുകളായി കൈവശം വയ്ക്കാവുന്ന പണം 15 ലക്ഷം രൂപയായി നിശ്ചയിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.