govt plans to change security marks of banknotes every 3 – 4 years

ന്യുഡല്‍ഹി: കള്ളനോട്ട് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി ആലോചിക്കുന്നു.

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കാനാണ് പദ്ധതി.

ഓരോ 3-4 വര്‍ഷവും 500, 2000 രൂപാ നോട്ടുകളുടെ സുരക്ഷാ സവിശേഷതകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്‍തോതില്‍ കള്ളനോട്ടുകള്‍ പിടികൂടിയ സാഹചര്യത്തിലാണ് പുതിയ പദ്ധതി .

കേന്ദ്ര ധനകാര്യ, ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. വികസിത രാജ്യങ്ങള്‍ ഓരോ നാലു വര്‍ഷവും രാജ്യത്തെ കറന്‍സി നോട്ടുകളിലെ സുരക്ഷാ ചിഹ്നങ്ങളും ക്രമീകരണങ്ങളും പരിഷ്‌കരിക്കാറുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

കള്ളനോട്ട് വ്യാപകമായ ഇന്ത്യയിലും ഇതേ രീതി നടപ്പാക്കണമെന്നും ഉദ്യോസ്ഥര്‍ ശുപാര്‍ശ ചെയ്തു. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകളുടെ ഡിസൈന്‍ മാറ്റിയിട്ട് വര്‍ഷങ്ങളായി. ഇക്കഴിഞ്ഞ നോട്ട് നിരോധം വരെ നോട്ടുകളുടെ രൂപകല്‍പനയിലും സുരക്ഷാ മാനദണ്ഡങ്ങളിലും കാര്യമായ ഒരു മാറ്റവും വരുത്തിയിരുന്നില്ല. 2000 ത്തില്‍ ആയിരം രൂപ നോട്ടുകള്‍ ഇറക്കിയിട്ട് പറയത്തക്ക മാറ്റങ്ങളൊന്നും പിന്നീട് ഇറക്കിയ നോട്ടുകളിലുണ്ടായിരുന്നില്ല.

1987 ല്‍ പുറത്തിറക്കിയ 500 രൂപ നോട്ടുകളിലും ഒരു ദശകത്തോളം മാറ്റം വരുത്തിയിരുന്നില്ല. നോട്ട് നിരോധത്തിന് ശേഷം പുറത്തിറക്കിയ പുതിയ കറന്‍സി നോട്ടുകളിലും പഴയ 1000, 500 രൂപ നോട്ടുകളില്‍ ഉള്ളതിനേക്കാള്‍ അധിക സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. അടുത്തിടെ പിടിച്ചെടുത്ത 2000 രൂപയുടെ കള്ളനോട്ടുകളില്‍ യഥാര്‍ഥ നോട്ടുകളിലെ 17 സുരക്ഷാ ക്രമീകരണങ്ങളില്‍ 11 എണ്ണവും പകര്‍ത്തിയ നിലയിലായിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി രൂപീകരിക്കാന്‍ ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Top