പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് ഡ്യൂട്ടി കുറക്കില്ലെന്ന് കേന്ദ്രം

petrol

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ത്ര പ്രഥാന്‍. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇക്കാര്യം സംസാരിച്ചത്. ഇതോടെ എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതയും ഏറി.

കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒമ്പത് തവണയാണ് എണ്ണയുടെ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ ഡീസലിന് 15.33 രൂപയും, പെട്രോളിന് 19.48 രൂപയുമാണ് എക്സൈസ് ഡ്യൂട്ടിയായി ഇപ്പോള്‍ കേന്ദ്രം ചുമത്തുന്നത്. യു.പി.എ ഭരണകാലത്ത് ഇത് അഞ്ച് രൂപ പത്ത് പൈസ ഡീസലിനും, പെട്രോളിന് 11 രൂപയുമായിരുന്നു. ഇതാണ് ഇപ്പോള്‍ വലിയ തോതില്‍ വര്‍ധിച്ചത്.

നിലവില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില വര്‍ധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായത്. പെട്രോള്‍ ലിറ്ററിന് 77 രൂപയും, ഡീസല്‍ ലിറ്ററിന് 70 രൂപയോളവുമെത്തി. ഈ സാഹചര്യത്തില്‍ എക്സൈസ് തീരുവ കുറക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

അതേസമയം, കേന്ദ്രം കഴിഞ്ഞ ഒക്ടോബറില്‍ എക്സൈസ് തീരുവ കുറച്ചിരുന്നുവെന്നും ഇനിയും കുറക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ലെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ വ്യക്തമാക്കി.

Top