തിരുവനന്തപുരം: മന്ത്രിസഭാ യോഗങ്ങളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വിവരാവകാശനിയമം വഴി അപേക്ഷിക്കുന്നവര്‍ക്ക് ലഭ്യമാക്കണമെന്ന മുഖ്യ വിവരാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാര്‍ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം.പോളിനെ അറിയിച്ചു.
വകുപ്പുകളെ സംബന്ധിച്ച രഹസ്യ വിവരങ്ങളും മറ്റും ഇത്തരത്തില്‍ പുറത്ത് വിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ്, തീരുമാനങ്ങള്‍ പുറത്തു വിടണമെന്നും വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.
സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച പല തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊള്ളും. ഇതെല്ലാം പുറത്ത് വിടാനാവില്ല.
പ്രായോഗിക ബുദ്ധിമുട്ടുകളും നടപടി ക്രമങ്ങളിലെ സങ്കീര്‍ണതകളും ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നതിന് തടസമാണെന്നും കമ്മീഷന് നല്‍കിയ വിശദീകരണ കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
വിവരാവരകാശ കമ്മിഷന്റെ നിര്‍ദ്ദേശത്തിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
അതേസമയം, മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കിയില്ലെന്ന് പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം.പോള്‍ വ്യക്തമാക്കി. വിവരങ്ങള്‍ അപേക്ഷകന് നല്‍കിയ ശേഷം പത്തു ദിവസത്തിനകം തന്നെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.