തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ദ പരിശീലനം നല്‍കുന്നു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശ പ്രകാരമാണ് ഡോക്ടര്‍മാര്‍ക്ക് വിദഗ്ദ പരിശീലനം സാധ്യമാക്കുന്നത്.
അനസ്‌തേഷ്യ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്ടര്‍മാരും വീതമാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. മേയ് 28 മുതല്‍ ജൂണ്‍ ഒന്നു വരെയായിരിക്കും പരിശീലനം.
നിപ വൈറസ് പോലെയുള്ള ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗങ്ങളില്‍ തീവ്രപരിചരണ വിഭാഗം എങ്ങനെ കൈകാര്യം ചെയ്യാം, ഇത്തരം കേസുകളില്‍ വെന്റിലേറ്ററുകളുടെ വിദഗ്ദ ഉപയോഗം എങ്ങനെ എന്നീ കാര്യങ്ങളാണ് പരിശീലനത്തില്‍ വിശദീകരിക്കുക.
പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ കേരളത്തിലെ മറ്റു ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും. ഡോക്ടര്‍മാര്‍ ഞായറാഴ്ച ഡല്‍ഹിക്ക് യാത്ര തിരിക്കും.