കൊവിഡ്19നെ ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് തിരുത്തി കേന്ദ്രസര്‍ക്കാര്‍

കൊറോണ വൈറസിനെ ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് തിരുത്തി ധനസഹായം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാക്കി ചുരുക്കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപവരെ ധനസഹായം സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ നിന്ന് നല്‍കാനാവുമെന്ന് ആദ്യം പുറത്തിറക്കിയ കേന്ദ്ര ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ ഇറക്കിയ പരിഷ്‌കരിച്ച ഉത്തരവില്‍ ഈ നിര്‍ദ്ദേശം ഒഴിവാക്കിയിരിക്കുകയാണ്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം ധനസഹായം നല്‍കില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്. ധനസഹായം മരുന്ന്, കരുതല്‍, കേന്ദ്രങ്ങള്‍, ലാബുകള്‍ എന്നിവ ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാക്കി മാറ്റിയിട്ടുണ്ട്. ദുരന്തര നിവാരണ നിധിയിലെ പരമാവധി 25 ശതമാനം വരെ തുക ഇതിനായി ചെലവഴിക്കാം.

Top