സവാള വില നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ ;40ടണ്‍ വെള്ളിയാഴ്ച എത്തും

big onion

തിരുവനന്തപുരം : കുതിച്ചുയരുന്ന സവാളവില നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്. കേന്ദ്ര ഏജൻസിയായ നാഫെഡ് വഴി നാസിക്കില്‍നിന്ന് വെള്ളിയാഴ്ച എത്തിക്കുന്ന 40 ടണ്‍ സവാള സ്പ്ലൈകോ വഴി കിലോ 45 രൂപ നിരക്കില്‍ നില്‍ക്കാനാണ് തീരുമാനം.

രാജ്യത്തിന്‍റെ പലഭാഗങ്ങളിലും ഉള്ളി വില 80 രൂപവരെയെത്തിയ സാഹചര്യമുണ്ട്. കുതിച്ചുകയറുന്ന വില നിയന്ത്രിക്കാൻ കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രാലയം നേരത്തെ ഉള്ളിക്കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. രാജ്യത്തിന് പുറത്തേക്കുള്ള കയറ്റുമതി നിരോധിച്ച സാഹചര്യത്തിൽ കേരളത്തിനാവശ്യമായ ഉള്ള സംഭരിച്ചെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

മൊത്തവിലയെ അടിസ്ഥാനപ്പെടുത്തി നോക്കിയാൽ കഴിഞ്ഞ നാല് വർഷം ഇന്ത്യയിലുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് സെപ്റ്റംബർ ആദ്യവാരം രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലുണ്ടായ വൻപ്രളയവും ഉള്ളിയുടെ ലഭ്യത കുറയാനിടയാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കഴിഞ്ഞയാഴ്ച വീണ്ടും പെയ്ത മഴ, ഉള്ള സ്റ്റോക്ക് എത്തിക്കുന്നതിനെയും ബാധിച്ചു.

അതിനിടെ സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ച് കയറുന്നു. രണ്ടാഴ്ചയ്ക്കിടയിൽ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വർധനയുണ്ടായി.

Top