മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര. കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെടുന്നതും, തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യയും വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ ദിവസം ഫ്രീ ഫയര്‍ കളിക്കുന്നതിനിടെ 11 കാരന്‍ ആത്മഹത്യ ചെയ്തിരുന്നു.
ദാരുണമായ സംഭവത്തിന് കാരണമായ ഫ്രീ ഫയര്‍ ഗെയിം വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണെന്നും, ഓണ്‍ലൈന്‍ ഗെയിമിംഗ് നിയന്ത്രിക്കാന്‍ ഞങ്ങള്‍ മധ്യപ്രദേശില്‍ ഒരു നിയമം കൊണ്ടുവരും. അതിനുള്ള കരട് ഏകദേശം തയ്യാറായി. ഉടന്‍ തന്നെ അന്തിമ രൂപം നല്‍കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി പറഞ്ഞു.
ഭോപ്പാലിലെ ശങ്കരാചാര്യ നഗറിലെ വീട്ടില്‍ ബന്ധുവിനൊപ്പം ഗെയിം കളിക്കുന്നതിനിടെയാണ് സൂര്യന്‍ഷ് ഓജ എന്ന 11 കാരന്‍ ആത്മഹത്യ ചെയ്തത്. കസിന്‍ പുറത്തിറങ്ങിയപ്പോള്‍ മുറിയില്‍ പഞ്ചിംഗ് ബാഗ് സ്ഥാപിക്കാന്‍ കരുതിയിരുന്ന കയര്‍ ഉപയോഗിച്ച് സൂര്യന്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടി ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അങ്കിത് ജയ്സ്വാള്‍ പറഞ്ഞു.