ഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ കൂടുതല്‍ പ്രതികരണവുമായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. കലാപത്തില്‍ ഉള്‍പ്പെട്ട കുക്കി, മെയ്‌തേയ് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കും. ബഹുജനങ്ങളുടെ പിന്തുണയോടെ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുക്കികള്‍ ഇരയായ കേസിലെ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം നിഷേധിച്ച അദ്ദേഹം ഇരു സമുദായങ്ങള്‍ക്കും നീതി ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസമായി സര്‍ക്കാര്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സ്‌കൂളുകളും കോളജുകളും ഇന്ന് മുതല്‍ വീണ്ടും തുടര്‍ന്നു. കൂടാതെ മാര്‍ക്കറ്റുകളും ഓഫീസുകളും തുറന്നിട്ടുണ്ട്. കാര്യങ്ങള്‍ ഉടന്‍ തണുക്കുമെന്ന് പ്രതീക്ഷിക്കുന്നു – മുഖ്യമന്ത്രി പറഞ്ഞു.
അക്രമത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചുരാചന്ദ്പൂരും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കാംഗ്പോപ്പിയിലും റോഡുകളും ഹൈവേകളും തുറന്നിട്ടുണ്ട്. ഇതെല്ലാം നേരിട്ടെത്തി കണ്ട് മനസിലാക്കാവുന്നതാണ്. മണിപ്പൂര്‍ ഇപ്പോഴും കത്തുന്നതായി പറയുന്നവര്‍ സ്വയം കണ്ട് മനസിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.