വന്യജീവികളുടെ വംശ വർധന തടയാൻ സർക്കാർ സുപ്രീം കോടതിയിലേക്കെന്ന് വനംമന്ത്രി

കോഴിക്കോട്: കേരളത്തിലെ വന്യ ജീവികളുടെ വംശ വർദ്ധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഇക്കാര്യത്തിൽ ഹർജി നൽകും. സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. വന്യമൃഗ ശല്യത്തെ കുറിച്ച് പഠിക്കാൻ കെ എഫ് ആർ ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കടുവയുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ നാളെ വയനാട്ടിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ ഉയരുന്ന നിർദേശങ്ങൾ സർക്കാർ ഗൗരവമായി എടുക്കും. ദ്രുത കർമ സേനയുടെ അംഗ ബലം കൂട്ടും. ജനത്തിന്റെ ജീവൽ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കരുത്. സമരമല്ല സഹകരണമാണ് ഈ വിഷയത്തിൽ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് മൂന്ന് വർഷമായാണ് ഈ നിലയിൽ വന്യജീവി ആക്രമണം വർധിച്ചത്. പല പഠനങ്ങളും ഈ വിഷയത്തിൽ നടത്തി. ഇവയൊന്നും യുക്തിസഹമല്ല. വനത്തിനകത്ത് ആവാസ വ്യവസ്ഥയിൽ മാറ്റമുണ്ടായിട്ടുണ്ട്. വന്യമൃഗങ്ങൾക്ക് കാട്ടിൽ ഭക്ഷണവും വെള്ളവും കിട്ടുന്നില്ല. വംശ വർധനവും ഉണ്ടായി. കടുവകൾക്കൊക്കെ കാട്ടിൽ നിശ്ചിത സ്ഥലം ആവശ്യമാണ്. അത് ഇപ്പോൾ ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ശാസ്ത്രീയതയും യുക്തിഭദ്രതയും ഉറപ്പാക്കാനാണ് കെ എഫ് ആർ ഐയെ പഠനത്തിന് ചുമതലപ്പെടുത്തിയത്. നിയമ നിർമ്മാണമാണ് ആവശ്യമെന്നുണ്ടെങ്കിൽ അത് ചെയ്യും. ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമാണ് വംശവർധന തടയാനുള്ള നടപടികൾ പരീക്ഷിച്ചത്. മറ്റ് രാജ്യങ്ങൾ ഇത് ചെയ്തിട്ടില്ല. 2013 ൽ സുപ്രീം കോടതി വിധി പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇതുവരെ അതിലൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ അടിയന്തിര ഹർജി സമർപ്പിക്കുന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രശ്നം ഇത്ര രൂക്ഷമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Top