ഐടി കമ്പനി ജീവനക്കാരെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം രീതീയില്‍ ജോലി ചെയ്യുമ്പോള്‍ സാങ്കേതിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാര്‍ക്കായി വര്‍ക്ക് നിയര്‍ ഹോം സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഐടി കമ്പനികളുമായി ചേര്‍ന്നാവും ഇത് നടപ്പാക്കുക.

കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഇത് ഗുണകരമാണ്. ഇതിനു പകരമായി കമ്പനികള്‍ ജീവനക്കാരെ സര്‍ക്കാരിന്റെ നൈപുണ്യ വികസന പരിപാടികളില്‍ ഭാഗമാകാന്‍ അനുവദിക്കണം. പിന്നീട് അവരെ പുതിയ പ്രൊജക്ടുകളില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പല ഐടി ജീവനക്കാര്‍ക്കും നെറ്റ് കണക്ഷന്‍, വൈദ്യുതി ബന്ധം തുടങ്ങിയവ സംബന്ധിച്ച് പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ഇതിനു പകരമായി വര്‍ക്ക് ഷെയറിംഗ് ബെഞ്ച് രൂപീകരിക്കാമെന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ആശയം. വീടും ഓഫീസും തമ്മില്‍ വളരെയധികം ദൂരമുള്ള ജീവനക്കാര്‍ക്ക് ഇത്തരം വര്‍ക്ക് നിയര്‍ ഹോം ബെഞ്ചിന്റെ ഭാഗമാകാം.

വീടിനടുത്തെവിടെങ്കിലുമായി പൊതു ഇടം കണ്ടെത്തി അവിടെയായിരിക്കും ഇങ്ങനെയുള്ള ജീവനക്കാര്‍ക്ക് ജോലി സൗകര്യം ഏര്‍പ്പെടുത്തുക. ഒരു പ്രദേശത്തു നിന്ന് ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ഇതിലൂടെ നേട്ടമുണ്ടാകുന്നത്.

Top