ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരമാര്‍ശങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനം നല്‍കാന്‍ ചില ഭാഗങ്ങളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്. യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി എത്തിയത്.
യഥാര്‍ഥ നിയന്ത്രണ രേഖ ലംഘിക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.
ഇത്തവണ ചൈനീസ് സൈന്യം എല്‍.എ.സി.യിലേക്ക് എത്തിയത് കൂടുതല്‍ അംഗബലത്തോടെയായിരുന്നു. ഇന്ത്യയുടെ പ്രതികരണവും തുല്യമായിരുന്നതായി സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചിരുന്നുവെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
ജൂണ്‍ 15-ന് ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തിനു കാരണം യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് തൊട്ട് ഇപ്പുറം ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചതും അതില്‍നിന്ന് പിന്തിരിയാന്‍ കൂട്ടാക്കാത്തതുമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്- പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
യഥാര്‍ഥ നിയന്ത്രണരേഖയില്‍, നമ്മുടെ ഭാഗത്ത് ചൈനീസ് സാന്നിധ്യമില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ നിരീക്ഷണം. ഇതു നമ്മുടെ സൈനികരുടെ ധീരതയുടെ ശ്രമഫലമാണ്. നമ്മുടെ ഭൂമിയില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നവരെ നാടിന്റെ വീരപുത്രന്മാര്‍ തക്കതായ പാഠം പഠിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ നമ്മുടെ സൈന്യത്തിന്റെ സ്വഭാവത്തെയും മൂല്യത്തെയും സംക്ഷിപ്തമായി അവതരിപ്പിക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ധീരന്മാരായ നമ്മുടെ സൈനികര്‍ അതിര്‍ത്തി സംരക്ഷിച്ചു കൊണ്ടിരിക്കെ, അവരുടെ ആത്മവീര്യത്തെ കെടുക്കുന്ന വിധത്തിലുള്ള അനാവശ്യവുമായ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.