ന്യൂഡല്‍ഹി; ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ടെസ്റ്റില്‍ 300ലധികം വിക്കറ്റ് നേടിയിട്ടുള്ള അശ്വിന്റെ പരിചയസമ്പത്ത് ലോകകപ്പില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും 2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ ഗംഭീര്‍ അഭിപ്രായപ്പെട്ടു.
യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും വന്നതോടെ അശ്വിനും ജഡേജയും ഏകദിന ടീമില്‍ സ്ഥിര സാന്നിധ്യങ്ങളല്ലാതായി മാറി. ജഡേജ പലപ്പോഴും ഏകദിന ടീമില്‍ ഇടം പിടിക്കാറുണ്ടെങ്കിലും അശ്വിനെ ഏകദിനങ്ങളിലേക്ക് പൊതുവേ പരിഗണിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഗംഭീര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘കുല്‍ദീപിനും ചാഹലിനുമൊപ്പം ലോകകപ്പ് ടീമില്‍ കളിക്കാന്‍ അശ്വിനും അര്‍ഹതയുണ്ട്. കുല്‍ദീപിനോ ചാഹലിനോ പകരക്കാരനെ തേടുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ആദ്യം അശ്വിനെ തെരഞ്ഞെടുക്കും’ ‘അശ്വിന്റെ മത്സരക്ഷമതയും പരിചയസമ്പത്തും ഇന്ത്യയുടെ നിരവധി കിരീട നേട്ടങ്ങളില്‍ മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും അത് ലോകകപ്പില്‍ ഇന്ത്യക്ക് തീര്‍ച്ചയായും ഗുണം ചെയ്യുമെന്നും’ ഗംഭീര്‍ പറഞ്ഞു.
2017 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അശ്വിന്‍ ഇന്ത്യക്കായി അവസാനം ഏകദിനം കളിച്ചത്. ഇതിനുശേഷം കുല്‍ദീപും ചാഹലും ഇന്ത്യയുടെ മുന്‍നിര സ്പിന്നര്‍മാരായാതോടെ അശ്വിനെ സെലക്ടര്‍മാര്‍ ടെസ്റ്റിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്.