ഒറ്റ ക്ലിക്കിൽ ഇനി എല്ലാ വിവരങ്ങളും; ഗ്രാമസഭകളും ഹൈടെക്കിലേക്ക്

news

കൊച്ചി: ഗ്രാമസഭകളും ഡിജിറ്റലിലേക്ക്. ഗ്രാമസഭകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഇനി അവരുടെ നിർദ്ദേശങ്ങളും സംശയങ്ങളും, അഭിപ്രായങ്ങളും ഇനി ഓൺലൈനിലൂടെ അറിയിക്കാം. ഇതിനായി പഞ്ചായത്ത് വകുപ്പ് ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ ‘ഗ്രാമസഭ പോർട്ടലി’ന് രൂപംനൽകി. അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന് പുറമെ പദ്ധതി രൂപവൽക്കരണം സംബന്ധിച്ച നിർദേശങ്ങളും പോർട്ടൽ വഴി സമർപ്പിക്കാം.

ജില്ല, ഗ്രാമപഞ്ചായത്ത് എന്നിവ തിരഞ്ഞെടുത്ത് മൊബൈൽ നമ്പർ, ഇ-മെയിൽ, തിരിച്ചറിയൽ കാർഡ് നമ്പർ, ആധാർ നമ്പർ എന്നിവ രേഖപ്പെടുത്തിയാൽ യൂസർ നെയിമും പാസ്‌വേർഡും ലഭിക്കും. പേര് രജിസ്റ്റർ ചെയ്യാതെതന്നെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കാനുള്ള സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. രേഖകളോ മറ്റു വിവരങ്ങളോ ഉണ്ടെങ്കിൽ അവയും ഇതോടൊപ്പം സമർപ്പിക്കാനാവും. സമർപ്പിച്ച വിവരങ്ങൾ ബന്ധപ്പെട്ട വാർഡ് അംഗത്തിന്റെ ലോഗിനിൽ എത്തും. വാർഡ് അംഗത്തിന്റെ മറുപടിയും അഭിപ്രായങ്ങളും പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും.

ഗ്രാമസഭ നടക്കുന്ന തീയതി, സ്ഥലം, അറിയിപ്പിന്റെ വിവരണം, നോട്ടീസുകൾ എന്നിവയും ഒരേയൊരു ക്ലിക്കിൽ തന്നെ അറിയാനാവും. വാർഡുകളിൽ നടക്കുന്ന പദ്ധതികൾ, അവയുടെ നിലവിലെ പുരോഗതി എന്നിവയെക്കുറിച്ചും ഓൺലൈനായി അറിയാൻ സാധിക്കും. പോർട്ടൽ ഉപയോഗത്തെക്കുറിച്ച് കൂടുതൽ അവബോധം നൽകാൻ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും വരും ദിവസങ്ങളിൽ പരിശീലനം നൽകും.

അധികാര വികേന്ദ്രീകരണ പ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പുവരുത്താനാണ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി പറഞ്ഞു. ഏപ്രിൽ അവസാനവാരത്തോടെ പോർട്ടൽ പൂർണസജ്ജമാകുമെന്നും അവർ അറിയിച്ചു.

Top