പൊള്ളാച്ചി: രണ്ടാം ഭാര്യ പിണങ്ങിപ്പോയതിന്റെ പേരില്‍ മുത്തച്ഛന്‍ 10 മാസം പ്രായമുള്ള പേരക്കുട്ടിയെ ഇഷ്ടികകൊണ്ട് അടിച്ചുകൊന്നു. കിണത്ത്ക്കടവ് കുറുമ്പ പാളയം സ്വദേശി ശെല്‍വരാജിനെ
(48) പൊലീസ് അറസ്റ്റ് ചെയ്തു. ശെല്‍വരാജിന്റെ ആദ്യ ഭാര്യയിലെ മകന്‍ കുമാറിന്റെ ഏക മകള്‍ ധര്‍ഷിനി (10 മാസം) ആണ് കൊല്ലപ്പെട്ടത്.
ശെല്‍വരാജിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ഒത്തക്കല്‍ മണ്ഡപം തൊപ്പം പാളയത്ത് വഴിയരികിലെ കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കിയ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടാം ഭാര്യ പിണങ്ങിപ്പോയതിന് കാരണം തന്റെ മകനും മരുമകളം ആണെന്നും ഇതിന്റെ ദേഷ്യത്തിലാണ് പേരക്കുട്ടിയെ കൊന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
രണ്ടാംഭാര്യ പിണങ്ങിപ്പോയതിനുശേഷം മകന്റെ വീട്ടിലെത്തി കുട്ടിയേയും എടുത്ത് ശെല്‍വരാജ് ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ കിണത്ത്ക്കടവ് റെയില്‍ വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.