grand kerala shopping festivel becomes a memory

കണ്ണൂര്‍: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യാപാരോത്സവമായി മാറിയ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇനി ഓര്‍മ്മ മാത്രം.കഴിഞ്ഞ ഒന്‍പതു വര്‍ഷമായി നടത്തിവന്ന മേള ഇനിമുതല്‍ നടത്തേണ്ടെന്ന് ടൂറിസം വകുപ്പ് തീരുമാനിച്ചു.

വ്യാപാരം പ്രകടമായി വര്‍ദ്ധിപ്പിക്കാനായെന്നല്ലാതെ പേരിനെങ്കിലും വിദേശനിക്ഷേപം എത്തിക്കാന്‍ മേളയ്ക്ക് കഴിഞ്ഞില്ലെന്നു ടൂറിസം വകുപ്പ് വിലയിരുത്തുന്നു. പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനോ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനോ കഴിഞ്ഞില്ല. വിവിധ സ്ഥാപനങ്ങള്‍ക്ക് എട്ടു കോടി രൂപയോളം കുടിശികയുണ്ടെന്ന പ്രശ്‌നവുമുണ്ട്. ഇതാണ് വ്യാപാരമേള ഉപേക്ഷിക്കാന്‍ കാരണം.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാതൃകയില്‍ 2007ലാണ് സംസ്ഥാനത്ത് ഒന്നര മാസം നീളുന്ന മേളയ്ക്ക് തുടക്കമിട്ടത്. പതിനൊന്ന് കോടി രൂപയുടെ സ്വര്‍ണസമ്മാനങ്ങളും നാലു കോടി രൂപയുടെ കാഷ് പ്രൈസും മേളയെ ശ്രദ്ധേയമാക്കിയിരുന്നു.
മേളയില്‍ അംഗങ്ങളായ സ്ഥാപനങ്ങളില്‍ വ്യാപാരം ഗണ്യമായി ഉയര്‍ന്നു. ആദ്യവര്‍ഷം നടന്നത് 2,195 കോടിയുടെ വ്യാപാരമാണ്. 2014ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ മേള നടത്തിയപ്പോള്‍ വ്യാപാരം 91,351 കോടി രൂപ റെക്കോഡിലേക്ക് കുതിച്ചു.

ആദ്യത്തെ മൂന്നു വര്‍ഷം സര്‍ക്കാര്‍ 25 കോടി രൂപ ഗ്രാന്റായി നല്‍കി. പിന്നീട് ഗ്രാന്റ് 54 കോടി രൂപയാക്കി. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ നിന്നും മറ്റുമായി 95 കോടി രൂപ സ്‌പോണ്‍സര്‍ തുകയായും ലഭിച്ചു. ഒരു ലക്ഷത്തോളം സ്ഥാപനങ്ങളാണ് കഴിഞ്ഞ സീസണില്‍ പങ്കാളികളായത്. മെഗാ സമ്മാനങ്ങളെല്ലാം കാഷ് പ്രൈസായി നല്‍കുകയായിരുന്നു. ബമ്പര്‍ സമ്മാനമായി ഒരു കോടി രൂപയാണ് നല്‍കിയത്.

Top