ഗാസിയാബാദ്: കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ച് മഹാത്മാ ഗാന്ധിയുടെ ചെറുമകൾ താരാ ഗാന്ധി ഭട്ടാചാര്‍ജി. 84കാരിയായ താരാ ഗാന്ധി ഗാസിപൂരിൽ കര്‍ഷകരോട് സമാധാനപരമായി സമരം തുടരണമെന്ന് പറഞ്ഞതോടൊപ്പം കര്‍ഷക സമരത്തിന് പരിഹാരം കണ്ടെത്താൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെടുകയും ചെയ്തിട്ടുണ്ട്. ഒരു രാഷ്ട്രീയ പരിപാടിയുടെ ഭാഗമായല്ല താന്‍ കര്‍ഷകരെ സന്ദര്‍ശിച്ചതെന്നും ഇത്രയും കാലം തനിക്ക് ഭക്ഷണം തന്ന കര്‍ഷകരെ കാണാനെത്തിയതാണെന്നും താരാ ഗാന്ധി വ്യക്തമാക്കി.
എന്ത് സംഭവിച്ചാലും കര്‍ഷകര്‍ക്ക് ഗുണമുണ്ടാകണം. കര്‍ഷകരുടെ ബുദ്ധിമുട്ടിനേക്കുറിച്ച് ആര്‍ക്കും അറിയില്ല. കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്നത് രാജ്യത്തിന് തന്നെയാണ് ഗുണമായി ഭവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായതുമായി അവര്‍ വേദി പങ്കിട്ടു. ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ രാമചന്ദ്ര രാഹി, ഓള്‍ ഇന്ത്യ സര്‍വ്വ് സേവാ സംഘ് മാനേജിംഗ് ട്രസ്റ്റി അശോക് സരണ്‍ എന്നിവരടക്കം നിരവധിപേരാണ് താരാ ഗാന്ധിയെ അനുഗമിച്ചത്.