ചെന്നൈ: മകന് പിറന്ന പെൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ മധുരയിൽ ചിന്നസ്വാമി-ശിവപ്രിയ ദമ്പതികളുടെ ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. മകന് മൂന്നാമതും പെണ്‍കുഞ്ഞ് പിറന്നതാണ് കൊലപാതക കാരണം. ചിന്നസ്വാമിയുടെ അമ്മ നാഗമ്മാൾ തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
ഫെബ്രുവരി 17ന് അവശ നിലയില്‍ കണ്ട കുഞ്ഞിനെ മാതാപിതാക്കള്‍ ഇസലാംപെട്ടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. പരിശോധനയില്‍ കുട്ടിയുടെ മുഖത്ത് കണ്ട ചില പാടുകൾ ഡോക്ടര്‍മാര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചു. ആശുപത്രി അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് ദമ്പതിമാരെയും മുത്തശ്ശിയെയും ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്‍റെ ചുരുളഴിയുകയായിരുന്നു.