‘കടലിനടിയില്‍നിന്ന് അരമണിക്കൂര്‍ ഇടവേളയില്‍ വന്‍ശബ്ദം’; സമുദ്രപേടകം തിരച്ചിലിന് പ്രതീക്ഷ

ടൊറന്റോ: ടെറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റന്‍ എന്ന സമുദ്രപേടകത്തിനായി വ്യാപക തിരച്ചില്‍ പുരോഗമിക്കവെ, രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കി ചില ശബ്ദവീചികള്‍.അറ്റ്‌ലാന്റിക് സമുദ്രത്തിലെ വടക്കന്‍ മേഖലയില്‍ തെരച്ചില്‍ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ ലഭ്യമായതെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ബുധനാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. ട്വിറ്ററില്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് ചെറിയൊരു വിശദീകരണവും ഇതിനോടകം നല്‍കിയിട്ടുണ്ട്.

യുഎസ് വിദഗ്ധര്‍ ഈ ശബ്ദം വിശകലനം ചെയ്യുകയാണ്. ശബ്ദം കേട്ട ഭാഗം കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. സമുദ്ര പേടകത്തിനായുള്ള തിരച്ചില്‍ ഇന്ന് മൂന്നാം ദിവസത്തിലേക്കു കടന്നിരുന്നു. ഞായറാഴ്ചയാണ്, യാത്രയാരംഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ സമുദ്രപേടകവുമായുള്ള ബന്ധം നഷ്ടമായത്.

സമുദ്ര പേടകത്തിനുള്ളിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുവരികയും, സമുദ്ര പേടകം എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു സൂചനകളും ലഭിക്കാതെ രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശ വ്യാപിക്കുകയും ചെയ്ത ഘട്ടത്തിലാണ് പ്രതീക്ഷ നല്‍കി ശബ്ദവീചികള്‍ പുറത്തുവന്നത്. ഇതോടെ, സമുദ്രപേടകത്തിലെ സഞ്ചാരികളെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകരും യാത്രക്കാരുടെ കുടുംബാംഗങ്ങളും.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 1912ല്‍ തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ 5 പേരുമായി ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഓഷന്‍ഗേറ്റ് കമ്പനിയുടെ ‘ടൈറ്റന്‍’ എന്ന സമുദ്രപേടകം കടലിലിറങ്ങിയത്. സമുദ്രപേടകത്തില്‍ 96 മണിക്കൂര്‍ സമയത്തേക്കുള്ള ഓക്‌സിജന്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഓക്‌സിജന്‍ ഉപയോഗം കൂടിയാല്‍ ഈ സമയദൈര്‍ഘ്യം കുറയും. മുങ്ങിക്കപ്പല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

വ്യാഴാഴ്ചയോടെയെങ്കിലും സമുദ്രപേടകം കണ്ടെത്തിയില്ലെങ്കില്‍ പ്രതീക്ഷകള്‍ അസ്തമിക്കുമെന്നിരിക്കെയാണ്, പ്രതീക്ഷയായി അജ്ഞാത ശബ്ദം പുറത്തുവന്നത്. ദുബായില്‍ താമസിക്കുന്ന ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരനായ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണ് സമുദ്ര പേടകത്തിലുള്ളത്.ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ ഒരാള്‍ക്ക് 2 കോടി രൂപയാണു ടിക്കറ്റ് നിരക്ക്.

 

 

Top