യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം.വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്. 2022 നവംബർ മുതൽ ഈ ഒക്‌ടോബർ വരെ ബജറ്റ് ടൂറിസത്തിലൂടെ മാത്രം കെഎസ്ആർടിസിക്ക് 10,45,06,355 രൂപ ലഭിച്ചു. 602 പാക്കേജുകളിലായി 2907 ഷെഡ്യൂളാണ് കെഎസ്ആർടിസി ഒരുക്കിയിരുന്നത്. മൂന്നാർ, നെഫർറ്റിറ്റി, മലക്കപ്പാറ, ജംഗിൾ സഫാരി, നാലമ്പലം, വയനാട്, കുമരകം, പഞ്ചപാണ്ഡവ, സാഗരറാണി, മൺറോത്തുരുത്ത്, ഇഞ്ചത്തൊട്ടി, ഡബിൾ ഡക്കർ, വണ്ടർലാ, ആലപ്പുഴ, റോസ്‌മല, നെല്ലിയാമ്പതി, പൊൻമുടി തുടങ്ങിയവയാണ് ബജറ്റ് ടൂറിസത്തിലെ പാക്കേജുകൾ.
ഇപ്പോൾ പുതുവർഷത്തിൽ പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ‘മിസ്റ്റി നൈറ്റ് 2023’ (Misty Night – 2023) എന്ന പേരിൽ പുതുവത്സര ആഘോഷരാവാണ് ഒരുക്കിയിരിക്കുന്നത്. വാഗമണ്ണിൽ ഡിസംബർ മാസത്തെ തണുത്ത രാത്രി ആഘോഷിക്കുന്നതിനായുള്ള ഒരു സുവർണ്ണാവസരമാണ് കെഎസ്ആർടിസി യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഡിസംബർ 31 ന് രാത്രി 9 മണി മുതൽ ആരംഭിച്ച് 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നിൽക്കുന്ന പുതുവത്സര ആഘോഷരാവാണ് കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ വാഗമണിൽ ഒരുക്കുന്നത്. വാഗമൺ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാർട്ടിയും, ക്യാമ്പ് ഫയറും ഉൾപ്പടുന്ന പരിപാടികളാണ് മിസ്റ്റി നൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആഡംബര കപ്പലായ ‘നെഫര്‍റ്റിറ്റി’യിൽ പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കുന്നതിനും കെഎസ്ആർടിസി ബജറ്റ് ടൂറിസം വഴി അവസരം ഒരുക്കുന്നുണ്ട്. ക്രൂയിസിലും, ഗാല ഡിന്നർ, ഡി ജെ പാർട്ടി, ഓപ്പൺ ഡെക്ക് ഡി.ജെ എന്നിവ അടക്കമുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഡിസംബർ 31 ന് രാത്രി 8.00 മുതൽ 1 മണി വരെയാണ് ക്രൂയിസിലെ പുതു വത്സര ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്നാണ് ‘നെഫര്‍റ്റിറ്റി’ യാത്ര ആരംഭിക്കുന്നത്. കൊച്ചി, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ക്രൂയിസ് യാത്രയിൽ പങ്കെടുക്കാൻ കെഎസ്ആർടിസി സൗകര്യം ഒരുക്കിയിട്ടുണ്ട്.