സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് രാജ്യമായി ഗ്രീസ്. വ്യാഴാഴ്ചയാണ് ബില്‍ ഗ്രീസ് പാര്‍ലമെന്റ് എഴുപത്തിയാറിനെതിരെ 176 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബില്‍ പാസാക്കിയത്. ഇനി മുതല്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അനുമതിയും ബില്‍ നല്‍കുന്നുണ്ട്.
മിത്സോതാകിസിന്റെ ന്യൂ ഡെമോക്രസി പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണകക്ഷിയില്‍ മൂന്നോളം ചെറിയ തീവ്ര വലതുപക്ഷ പാര്‍ട്ടികളും ഭാഗമാണ്. അതുകൊണ്ടുതന്നെ ബില്‍ പാസാക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ ഉള്‍പ്പെടെ പിന്തുണ ആവശ്യമായിരുന്നു. ഗ്രീസിലെ പ്രധാന പ്രതിപക്ഷമായ ഇടതുപക്ഷ പാര്‍ട്ടികളാണ് പ്രധാനമായും ബില്ലിന് പിന്തുണ നല്‍കിയത്. ഗ്രീസ് ചരിത്രത്തിലെ ആദ്യ സ്വവര്‍ഗാനുരാഗിയായ രാഷ്ട്രീയ നേതാവ് കൂടിയാണ് പ്രധാന പ്രതിപക്ഷമായ സിറിസയുടെ സ്റ്റെഫാനോസ് കസെലകിസ്.യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളില്‍ ഗ്രീസ് ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയിട്ടുണ്ട്. ഗ്രീസിന് പുറമെ ലോകമെമ്പാടുമുള്ള 35 രാജ്യങ്ങളിലും ഇത് അനുവദനീയമാണ്. വിവാഹത്തില്‍ തുല്യതയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ തെക്ക്-കിഴക്കന്‍ യൂറോപ്യന്‍ രാജ്യം കൂടിയാണ് നിലവില്‍ ഗ്രീസ്.
ഓര്‍ത്തഡോക്‌സ് സഭയുടെ ശക്തമായ എതിര്‍പ്പുകളെ മറികടന്നാണ് ബില്‍ പാസാക്കിയത്. ഈ നിമിഷത്തിനായി തങ്ങള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്ന് സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റെല്ല ബലിയ അഭിപ്രായപ്പെട്ടു. പുതിയ നിയമം ഗുരുതരമായ അസമത്വത്തെ ഇല്ലാതാക്കുന്നതാണെന്ന് പുതിയ നിയമമെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് പറഞ്ഞു. അദൃശ്യരായ ആളുകള്‍ ഒടുവില്‍ നമുക്ക് ചുറ്റും ദൃശ്യമാകുമെന്ന് വോട്ടെടുപ്പിന് മുന്‍പുള്ള ചര്‍ച്ചയില്‍ മിത്സോതാകിസ് പറഞ്ഞിരുന്നു. പരിഷ്‌കാരം ധീരമായ നടപടിയാണെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ‘സാമൂഹ്യവിരുദ്ധം’ എന്നാണ് യാഥാസ്ഥിതിക വിഭാഗം വിശേഷിപ്പിച്ചത്.മധ്യ-വലതുപക്ഷ പാര്‍ട്ടിയിലെ ലിബറല്‍ വിഭാഗം നേതാവാണ് കിരിയാക്കോസ് മിത്സോതാകിസ്. എല്‍ജിബിടിക്യു വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി ആദ്യം മുതല്‍ നിലകൊണ്ട നേതാവാണ് മിത്സോതാകിസ്. കുടിയേറ്റ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും താരതമ്യേന സൗമ്യമായ സമീപനമാണ് ഇദ്ദേഹം പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ വലിയ എതിര്‍പ്പുകള്‍ മിത്സോതാകിസ് നേരിട്ടിരുന്നു.