മുംബൈ: 20 മാസത്തിനിടെ 900 പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്കിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. സുസ്ഥിരവികസന ലക്ഷ്യത്തെക്കുറിച്ചുള്ള ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതികാനുമതി വികസനത്തിനെതിരല്ല. എല്ലാ പ്രയത്‌നങ്ങളും പ്രകൃതിയുടെ സുരക്ഷകൂടി കണക്കിലെടുത്താകണം. വികസനപദ്ധതികള്‍ കാലതാമസം കൂടാതെ പരിഹരിച്ചു നല്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 20 മാസത്തിനിടെ പരിസ്ഥിതി മന്ത്രാലയം 900 പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്കി. ആറു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴി ഉണ്ടായിട്ടുള്ളത്. പല പദ്ധതികളും പാരിസ്ഥിതികാനുമതിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്. മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച പാത ഈ സര്‍ക്കാരും പിന്തുടരുകയാണ്.
വികസിതരാജ്യങ്ങള്‍ പുറംതള്ളുന്ന കാര്‍ബണിന്റെ അളവ് ഏറിവരികയാണ്. ഇത് കാലാവസ്ഥയില്‍ പ്രതിഫലിക്കുന്നുണ്ട്. ആഗോളതലത്തില്‍ പുറംതള്ളപ്പെട്ടുന്ന കാര്‍ബണില്‍ മൂന്നു ശതമാനം മാത്രമാണ് ഇന്ത്യയുടെ പങ്ക്. ഇതിനു പരിഹാരം കണ്ടെത്താനുള്ള യുഎന്നിന്റെ ലക്ഷ്യങ്ങളില്‍ പ്രധാന പങ്കാളി ഇന്ത്യയാണ്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യ ഒരു കാരണമല്ല. എന്നാല്‍, പരിഹാരങ്ങള്‍ക്ക് ഇന്ത്യ ഒരു ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പുറംതള്ളപ്പെടുന്ന കാര്‍ബണിന്റെ അളവില്‍ അമേരിക്ക, യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളുടെ പങ്ക് 30 ശതമാനവും, മറ്റു വികസിതരാജ്യങ്ങള്‍ എല്ലാംകൂടി 50 ശതമാനവും, ചൈനയുടേത് 10 ശതമാനവുമാണ്. വികസിതരാജ്യങ്ങള്‍ ബിസിനസ് മാനദണ്ഡങ്ങളിലാണ് മുമ്പോട്ട് പോകുന്നത്. പരിസ്ഥിതിയെക്കുറിച്ചു ചിന്തിക്കുന്നില്ല. ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നത് ലോകം മുഴുവനുമാണ്.
പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിട്ട് സോളാര്‍, കാറ്റ്, ജലം, ആണവം തുടങ്ങിയവയില്‍നിന്ന് 150 ജിഗാ വാട്ടിന്റെ വൈദ്യുതോത്പാദന പദ്ധതിയുണ്ട്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തി കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനാണു ശ്രമിക്കുന്നത്. 2016-17 ബജറ്റില്‍ ഒരു ടണ്‍ കല്‍ക്കരിക്ക് 400 രൂപ ഗ്രീസ് സെസ് ഏര്‍പ്പെടുത്തിയത് ഇതിനുദാഹരണമാണ്.
ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ അധിക സെസ് ഏര്‍പ്പെടുത്തുന്നത്. ഇതുവഴി ലഭിക്കുന്ന അധിക വരുമാനം ക്ലീന്‍ എനര്‍ജി പദ്ധതികള്‍ക്കായി ചെലവഴിക്കും. വാഹനങ്ങളില്‍നിന്നുള്ള മലിനീകരണം കുറയ്ക്കാനുള്ള നടപടിയുമുണ്ടാകുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.