കൊച്ചി: സംസ്ഥാനത്ത് പത്തുവര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങളിലെ 2000 സിസിക്ക് മുകളിലുളള ഡീസല്‍ എന്‍ജിനുകള്‍ ഒരു മാസത്തിനുള്ളില്‍ മാറ്റണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഉത്തരവ്. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു മാസത്തെ സമയവും സര്‍ക്യൂട്ട് ബെഞ്ച് അനുവദിച്ചിട്ടുണ്ട്.
നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ഡീസല്‍ എന്‍ജിനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടാനും പതിനായിരം രൂപ പിഴ ഈടാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചിയിലെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയെര്‍നെസ് ഫോറം നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ആദ്യ സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്. ചെയര്‍മാന്‍ സ്വതന്ത്ര്യകുമാര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് പഴയ വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഈ ഉത്തരവിറക്കിയത്.
നേരത്തെ അന്തരീക്ഷമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലും ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലും ഗ്രീന്‍ ട്രൈബ്യൂണല്‍ ഇടപെടുന്നത്.
ഡല്‍ഹിയില്‍ 2000 സിസിക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് സുപ്രീംകോടതി ഈ മാസം വീണ്ടും വ്യക്തമാക്കിയിരുന്നു. സ്വകാര്യ ഡീസല്‍ പെട്രോള്‍ ടാക്‌സികള്‍ക്ക് സിഎന്‍ജിയിലേക്കു മാറാനുളള സമയപരിധി കോടതി നീട്ടി നല്‍കിയതുമില്ല.