റിയാസിനും വീണയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആശംസാപ്രവാഹം

തിരുവനന്തപുരം: ഇന്ന് വിവാഹിതരായ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസിനും നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തിയത്. മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ മംഗളങ്ങള്‍ നേര്‍ന്നു.

വിവാഹവാര്‍ത്ത അറിയിച്ചു കൊണ്ടു റിയാസ് പങ്കുവച്ച പോസ്റ്റിനു താഴെയും നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന വിവാഹച്ചടങ്ങളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

‘സഖാവ് മുഹമ്മദ് റിയാസിനും വീണയ്ക്കും വിവാഹആശംസകള്‍’ എന്ന കുറിപ്പോടെ മന്ത്രി എ.സി.മൊയ്തീന്‍ ഫെയ്‌സ്ബുക്കില്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്നു. ‘ഏറ്റവും പ്രിയപ്പെട്ട റിയാസിനും വീണയ്ക്കും ആശംസകള്‍’ എന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുറിപ്പ്. കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ടി.ബല്‍റാം, ഷാഫി പറമ്പില്‍ തുടങ്ങിയവരും റിയാസിനും വീണയ്ക്കും ആശംസകള്‍ നേര്‍ന്നു.

പിണറായിയുടെയും കമലയുടെയും ഏക മകളാണ് വീണ. ഐടി ബിരുദധാരിയായ വീണ 6 വര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി. 2014 മുതല്‍ ബെംഗളൂരുവില്‍ എക്സാലോജിക് സൊല്യൂഷന്‍സിന്റെ എംഡി ആയി പ്രവര്‍ത്തിക്കുകയാണ്.

മുന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ പി.എം. അബ്ദുല്‍ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും വളര്‍ന്നു സിപിഎം യുവനേതൃനിരയില്‍ ശ്രദ്ധേയനായി മാറിയ റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2017ല്‍ അഖിലേന്ത്യാ അധ്യക്ഷനായി. 2009ല്‍ കോഴിക്കോട് ലോക്സഭാ സീറ്റില്‍ മത്സരിച്ച് എം.കെ.രാഘവനോട് 838 വോട്ടിനു പരാജയപ്പെട്ടു.

Top