Greetings to my friend ; will not be committed anti women films ; prithviraj

prithviraj-2

സാമൂഹ്യ വിരുദ്ധരുടെ ആക്രമത്തിനെ അതിജീവിച്ച് തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്.

അമ്മയ്ക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും താന്‍ സാക്ഷിയാകുന്നുവെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
സ്ത്രീവിരുദ്ധ സിനിമകളില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇനി എന്റെ സിനിമകളില്‍ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്ന് പൃഥ്വിരാജ് ഉറപ്പു നല്‍കുന്നു.

ആക്രമണത്തിന് ഇരയായ നടി പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലെത്തി. നവാഗതനായ ജിനു എബ്രഹാം സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ‘ആദം’ എന്ന സിനിമയിലാണ് നടി അഭിനയിക്കുക.

ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദം’. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ നടിയ്ക്ക് തുടക്കത്തില്‍ വിമുഖത ഉണ്ടായിരുന്നു. എല്ലാവരുടെയും പിന്തുണയോടെ അടുത്ത ദിവസം തന്നെ നടി ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്നതെന്നും സംവിധായകന്‍ ജിനു എബ്രഹാം വ്യക്തമാക്കി.

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്റെ ജീവിതത്തില്‍ ഏറെ തീവ്രമായ ചില നിമിഷങ്ങള്‍ ഞാന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ ഏറ്റവും അര്‍ത്ഥ പൂര്‍ണവും സങ്കീര്‍ണവുമായ സൃഷ്ടിയായ സ്ത്രീയുടെ ധൈര്യം കണ്ട നിമിഷങ്ങള്‍.

പെട്ടന്ന് പാളം തെറ്റിയ ജീവിതത്തില്‍ നിന്ന് രണ്ട് ആണ്‍കുഞ്ഞുങ്ങളെ വളര്‍ത്തിവലുതാക്കിയ അമ്മ മുതല്‍
പ്രസവ മുറിയില്‍ ഒരു അനസ്‌തേഷ്യ പോലും ഇല്ലാതെ പ്രസവിക്കാന്‍ ഒരുങ്ങി, എന്റെ കൈ പിടിച്ചുകൊണ്ട് ‘കുഴപ്പമൊന്നുമില്ല പൃഥ്വി’ എന്ന് പറഞ്ഞ ഭാര്യവരെ.

ഞാന്‍ തിരിച്ചറിയുകയായിരുന്നു ഒരു സ്ത്രീയുടെ അഭാവത്തില്‍ ഞാന്‍ എത്രമാത്രം ദുര്‍ബലനാണെന്ന്.

ഇന്ന് എന്റെ പ്രിയ സുഹൃത്ത് ഞങ്ങളുടെ പുതിയ ചിത്രമായ ആദത്തിന്റെ സെറ്റിലേക്ക് ഷൂട്ടിങ്ങിനായി വരുമ്പോള്‍ ഞാന്‍ വീണ്ടുമൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും വീണ്ടും സാക്ഷിയാകാന്‍ പോവുകയാണ്.

ഇന്നവള്‍ സംസാരിക്കാന്‍ പോവുകയാണ്. അവളുടെ വാക്കുകള്‍ കാലത്തിനും ഭാഷക്കും അപ്പുറം മുഴങ്ങി കേള്‍ക്കും. ഒരു വ്യക്തിക്കോ ഒരു സംഭവത്തിനോ നിങ്ങളുടെ മേല്‍ ആധിപത്യം ഉറപ്പിക്കാനാകില്ല അത് നിങ്ങള്‍ക്കു മാത്രമേ സാധിക്കൂ. കോടിക്കണക്കിനു ആളുകള്‍ പറയാന്‍ മടിയ്ക്കുന്ന കാര്യമാണ് ഇന്ന് എന്റെ സുഹൃത്ത് പറയുന്നത്.

ആ ശബ്ദങ്ങള്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് പറയട്ടെ, ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ അപക്വമായി ഞാന്‍ പെരുമാറിയിട്ടുണ്ട്. ചില സ്ത്രീവിരുദ്ധ സിനിമകളില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇനി എന്റെ സിനിമകളില്‍ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്ന് ഞാന്‍ ഇവിടെ ഉറപ്പു നല്‍കുന്നു. എന്റെ സിനിമകളില്‍ ഞാന്‍ ഒരിക്കലും സ്ത്രീകളെ മോശമാക്കാന്‍ അനുവദിക്കുകയില്ല. സ്ത്രീവിരുദ്ധ നിലപാടുള്ള കഥാപാത്രങ്ങളെ സ്‌ക്രീനില്‍ മഹത്വവത്കരിക്കാനും ഞാന്‍ ശ്രമിക്കില്ല.

ഒരിക്കല്‍ക്കൂടി നമുക്കിവളെ അഭിനന്ദിക്കാം.. ജീവിതം ഇരുട്ടിലാവും എന്ന് പേടിക്കാതെ മുന്നോട്ട് സധൈര്യം വന്നതിന്. അവളുടെ പ്രകാശം ഒരുപാടുപേര്‍ക്ക് വഴി കാട്ടുന്നതാകട്ടെ. ഇന്ന് അവള്‍ സംസാരിക്കാന്‍ പോകുന്നു.

ഞാന്‍ എന്നും നിന്റെ ആരാധകനാണ്. സ്‌നേഹപൂര്‍വ്വം പൃഥ്വി

Top