കര്‍ഷക സമരം;ഗ്രെറ്റ തന്‍ബര്‍ഗിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തേയ്ക്കും

ന്യൂഡല്‍ഹി: ഗ്രെറ്റ തന്‍ബര്‍ഗിനെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. കര്‍ഷിക സമരത്തില്‍ നടത്തിയ ട്വീറ്റിലാണ് നടപടി. വിദ്വേഷം പ്രചരണം, ഗൂഢാലോചന എന്നിവ ചൂണ്ടിക്കാട്ടി കേസെടുക്കുമെന്നാണ് വിവരം. കര്‍ഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണക്കാം എന്ന് വിശദമാക്കി ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ എംബസികള്‍ക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ അടക്കമുള്ളവയ്ക്ക് ആഹ്വാനം നല്‍കുന്ന ഉള്ളടക്കം സന്ദേശത്തില്‍ ഗ്രേറ്റ പങ്കുവച്ചിരുന്നു.

ഇന്ത്യയ്‌ക്കെതിരായ ഗൂഡാലോചന വെളിപ്പെടുന്നതായി കണക്കാക്കുന്ന കര്‍ഷക സമരത്തിന്റെ ലഘുലേഖ ഗ്രേറ്റ തുന്‍ബെര്‍ഗ് പങ്കുവച്ചിരുന്നു. ഇന്ത്യയെ ആഗോളതലത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ അടങ്ങിയതാണ് ഈ ലഘുലേഖ. ഈ ട്വീറ്റ് പിന്നീട് ഗ്രേറ്റ ഡിലീറ്റ് ചെയ്തു. എന്തുകൊണ്ടാണ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് വിശദമാക്കി ചെയ്ത ട്വീറ്റിലായിരുന്നു ഇന്ത്യയ്‌ക്കെതിരായ ഗൂഡാലോചന അടങ്ങിയ ലഘുലേഖ ഉണ്ടായിരുന്നത്. സമരത്തിനായി ആഗോള തലത്തില്‍ സംയോജിപ്പിച്ച നടപടികള്‍ ജനുവരി 26 ന് മുന്‍പ് ആരംഭിച്ചതായാണ് ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നത്.

ആറ് പേജുള്ള ഗൂഗിള്‍ ഡോക്യുമെന്റില്‍ ഒന്നുകില്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന സമരം കണ്ടെത്താനോ അല്ലാത്ത പക്ഷം അത്തരത്തിലൊന്ന് സംഘടിപ്പിക്കാനോ ആവശ്യപ്പെടുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസികളുടെ പരിസരത്തോ തദ്ദേശീയ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സമീപമോ അദാനി, അംബാനി കമ്പനികള്‍ക്ക് സമീപമോ സമരം സംഘടിപ്പിക്കണം. ഞങ്ങള്‍ 26-ലാണ് ശ്രദ്ധ ചെലുത്തുന്നത്. അതേസമയം മറ്റ് സമയങ്ങളില്‍ സാധിക്കുന്ന പോലെ നിങ്ങള്‍ സംഘടിക്കണം.

ഇത് അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും ഈ ലഘുലേഖയില്‍ പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 13,14 തീയതികളില്‍ സമാനമായ മറ്റ് നടപടികള്‍ വേണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

Top