ജര്‍മ്മനി കാലാവസ്ഥ വില്ലന്‍, വര്‍ത്തമാനം കൊണ്ട് കാര്യമില്ല – ഗ്രെറ്റ തന്‍ബെര്‍ഗ്

ബെര്‍ലിന്‍: ജര്‍മ്മനി ഏറ്റവും വലിയ കാലാവസ്ഥ വില്ലന്മാരിലൊരാളാണെന്ന് ആക്റ്റിവിസ്റ്റ് ഗ്രെറ്റ തന്‍ബെര്‍ഗ്. ‘കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന നാലാമത്തെ രാജ്യം ജര്‍മ്മനി ആണ്. ഏകദേശം 8 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്, അത് വലിയ ഒരു നേട്ടമാണ്! ‘ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ്, ബെര്‍ലിനില്‍ ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ പ്രതിഷേധത്തില്‍ ഗ്രെറ്റ പറഞ്ഞു. ജര്‍മ്മന്‍ പട്ടണങ്ങളിലും നഗരങ്ങളിലുമായ് 470 ഇടങ്ങളില്‍ ക്യാമ്പയിന്‍ അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി.

ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനും കല്‍ക്കരി ഉപയോഗം അവസാനിപ്പിക്കാനും ജര്‍മ്മനി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു .

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന വിഷയമാണ്. അഭിപ്രായ വോട്ടെടുപ്പില്‍ പക്ഷെ പരിസ്ഥിതി വാദം ഉയര്‍ത്തുന്ന ഗ്രീന്‍ പാര്‍ട്ടിക്ക് 15% പിന്തുണ മാത്രം ആണുള്ളത്. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 25%ത്തോടെ മുന്നിലാണ്. ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ 22%ത്തോടെ രണ്ടാം സ്ഥാനത്തും.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും കാര്യമായ് ഒന്നും ചെയ്യുന്നില്ല. വോട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്, പക്ഷേ അതുകൊണ്ട് എല്ലാമാകുന്നില്ല. സജീവ പൗരന്മാരായി തെരുവിലിറങ്ങാന്‍ പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തോട് തന്‍ബെര്‍ഗ് ആവശ്യപ്പെട്ടു.

Top