നൊബേല്‍ പുരസ്‌ക്കാരം; ഗ്രേറ്റാ തര്‍ബര്‍ഗ് പരിഗണനയില്‍

സ്റ്റോക്ക് ഹോം: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കൗമാരക്കാരി ഗ്രേറ്റ തന്‍ബെര്‍ഗ് നോബല്‍ പുരസ്‌ക്കാരത്തിനുള്ള പരിഗണനയില്‍.16 വയസു മാത്രമുള്ള ഗ്രേറ്റയുടെ സമര രീതികളടക്കം വിലയിരുത്തിയാവും പുരസ്‌കാര സമിതി ജേതാവിനെ നിര്‍ണയിക്കുക. അവാര്‍ഡിനര്‍ഹയായാല്‍ ഏറ്റവും പ്രായം കുറഞ്ഞ പുരസ്‌കാര ജേതാവെന്ന ബഹുമതി ഗ്രെറ്റക്ക് ലഭിക്കും.

കാലാവസ്ഥ മാറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങളും അതിന് ലോക വ്യാപകമായി ലഭിക്കുന്ന അംഗീകരാവുമാണ് ഗ്രേറ്റയെ നോബല്‍ പരിഗണനയിലെത്തിച്ചത്. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും ഐക്യരാഷ്ട്ര സംഘടനയിലിടക്കം നടത്തിയ പ്രസംഗങ്ങളും ഇടപെടലുകളുമാണ് 16 വയസുകാരിയെ രണ്ടാം വട്ടവും പുരസ്‌കാര സമിതിക്ക് മുന്നിലെത്തിച്ചത്.

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യുഎന്നില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബെര്‍ഗ് നടത്തിയത്. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട നിങ്ങള്‍ തന്റെ തലമുറയെ വഞ്ചിക്കുകയായിരുന്നെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ലോക നേതാക്കളോട് ഗ്രേറ്റാ പറഞ്ഞു. നിങ്ങള്‍ക്കിതിനെങ്ങനെ ധൈര്യം വന്നുവെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ് രോഷാകുലയായി.

‘ഇതെല്ലാം തെറ്റാണ്. ഞാനിവിടെ വരേണ്ടതല്ല. ഞാനിപ്പോള്‍ സ്‌കൂളിലാണ് ഉണ്ടാവേണ്ടിയിരുന്നത്. പൊള്ളയായ നിങ്ങളുടെ വാക്കുകളിലൂടെ എന്റെ ബാല്യകാലത്തെ സ്വപ്നങ്ങള്‍ നിങ്ങള്‍ കവര്‍ന്നു. എന്നാലും എനിക്ക് ഒരല്‍പം ഭാഗ്യമുണ്ട്. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലെ ആളുകളേപ്പോലെ നരകിച്ച് മരിക്കേണ്ട അവസ്ഥയില്‍ ഞാന്‍ എത്തിയിട്ടില്ല. മനുഷ്യര്‍ ദുരിതമനുഭവിക്കുകയാണ്, മരിക്കുകയാണ്, മുഴുവന്‍ ആവാസവ്യവസ്ഥയും തകരുകയാണ്. വലിയ വിനാശത്തിന്റെ വക്കിലാണ് നാം. എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുമെല്ലാമുള്ള കെട്ടുകഥകള്‍ പറയാന്‍ എങ്ങനെ ധൈര്യംവരുന്നു?’-എന്നും ഗ്രേറ്റ തുന്‍ബര്‍ഗ് ചോദിച്ചിരുന്നു.

2018 ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരിലൊരാളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ഗ്രേറ്റ കഴിഞ്ഞ വര്‍ഷം സ്വീഡിഷ് വുമണ്‍ ഓഫ് ദിഇയറടക്കം നിരവധി പുരസ്‌കാരങ്ങളും ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

Top