ബെംഗളൂരു: കുളത്തിൽ നീന്തിത്തുടിക്കുന്നതിന്റെ സെൽഫി പകർത്തുന്നതിനിടെ കോളജ് വിദ്യാർഥികളുടെ സംഘം സംഘത്തിൽപ്പെട്ട യുവാവ് തൊട്ടടുത്ത് മുങ്ങിമരിച്ചു.
ദക്ഷിണ ബെംഗളൂരുവിലെ റാവഗോൻഡ്‌ലു ബേട്ടയിലാണ് സംഭവം നടന്നത്.
ജയനഗറിലുള്ള നാഷനൽ കോളജ് വിദ്യാർഥിയായ വിശ്വാസ് ജി. (17) എന്ന വിദ്യാർഥിക്കാണ് കുട്ടുകാർ തൊട്ടടുത്തുണ്ടായിട്ടും ജീവൻ നഷ്ടമായത്.
ഹനുമന്തനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഗോവിന്ദരാജുവിന്റെയും സുനന്ദയുടെയും മകനാണ് വിശ്വാസ്.
റാവഗോൻഡ്‌ലു ബേട്ടയിലെ 300 വർഷത്തോളം പഴക്കമുള്ള കല്യാണി ക്ഷേത്രക്കുളത്തിലാണ് അപകടമുണ്ടായത്.
സുഹൃദ് സംഘം കുളത്തിൽ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിൽ ചിലതിൽ യുവാവ് കുളത്തിൽ മുങ്ങിത്താഴുന്നതായി കാണാൻ സാധിക്കും.
സെൽഫി പകർത്തുന്ന ആവേശത്തിൽ കുട്ടുകാർ അതു ശ്രദ്ധിച്ചില്ല. പിന്നീട് കരയ്ക്കു കയറി കുളത്തിൽവച്ചു പകർത്തിയ സെൽഫി ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് വിശ്വാസ് കുളത്തിൽ മുങ്ങിത്താഴുന്നതു ശ്രദ്ധയിൽപ്പെട്ടത്.
നാട്ടുകാരുടെ സഹായത്തോടെ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അപ്പോഴേക്കും വിശ്വാസിന് ജീവൻ നഷ്ടമായിരുന്നു.
അതേസമയം, കുളത്തിലിറങ്ങരുതെന്ന് കാട്ടി പഞ്ചായത്ത് അധികൃതർ കുളത്തിനു സമീപം ബോർഡ് സ്ഥാപിച്ചിരുന്നെന്നും ഇതു വിദ്യാർഥി സംഘം അവഗണിച്ചതാണ് അപകടത്തിന് കാരണമാക്കിയതെന്നും പറയുന്നു.
എൻസിസി സംഘടിപ്പിച്ച ട്രക്കിങ് ക്യാംപിനെത്തിയ 21 അംഗ സംഘത്തിൽപെട്ടയാളാണ് വിശ്വാസ്. ശനിയാഴ്ച മുതൽ ഇവർ റാവഗോൻഡ്‌ലു ബേട്ടയിൽ തങ്ങുകയായിരുന്നു.
ട്രക്കിങ്ങിനിടെയാണ് 12 സഹ എൻസിസി കേഡറ്റുകൾക്കൊപ്പം വിശ്വാസും കല്യാണി ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയത്.
വിശ്വാസിന് നീന്തലറിയില്ലായിരുന്നുവെന്നും പറയുന്നു. ഇക്കാര്യം കൂട്ടുകാർക്കും അറിയുമായിരുന്നില്ല.
കോളജിൽ എൻസിസി യൂണിറ്റിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകരായ ഗിരീഷ്, ശരത് എന്നിവരുടെ അനാസ്ഥയാണ് വിശ്വാസിന്റെ മരണത്തിലേക്കു നയിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ കോളജിനു മുന്നിൽ പ്രതിഷേധം നടത്തി.
വിശ്വാസിന്റെ മൃതദേഹവുമായിട്ടായിരുന്നു പ്രതിഷേധം. വിശ്വാസിന്റെ മരണത്തിൽ ഇവർക്കുള്ള പങ്ക് തെളിയിക്കപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന മാനേജ്മെന്റിന്റെ ഉറപ്പിനെ തുടർന്ന് ഇവർ പ്രതിഷേധം അവസാനിപ്പിച്ചു.