മണിപ്പുർ; ക്യാമ്പുകൾ സന്ദർശിച്ച് പ്രതിപക്ഷ എംപിമാരുടെ സംഘം

ന്യൂഡൽഹി : വംശീയ കലാപത്തിനിടെ ഉണ്ടായ കേസുകളിൽ ബലാത്സംഗകുറ്റം ചുമത്തുന്നില്ലെന്ന പരാതി വസ്‌തുതാപരമാണെന്ന്‌ മണിപ്പുർ സന്ദർശിക്കുന്ന ഇന്ത്യ സംഘത്തിലെ എംപിമാർ. വിചിത്രമായ കാരണങ്ങളുടെ പേരിലാണ്‌ ബലാത്സംഗ പരാതികൾ പൊലീസ്‌ തള്ളുന്നത്‌. തെളിവുകൾ പര്യാപ്‌തമല്ലെന്ന്‌ പൊലീസ്‌ വിധിയെഴുതുന്നു. ഇരകളുടെ പരാതികളുടെ അടിസ്ഥാനത്തിൽ കേസ്‌ രജിസ്‌റ്റർ ചെയ്യണമെന്ന നിർഭയ നിയമഭേദഗതി നടപ്പാകുന്നില്ല. പരാതിയുമായി സ്‌റ്റേഷനുകളിൽ എത്താൻ ധൈര്യമില്ലാത്തവരുമുണ്ടെന്ന്‌ എംപിമാർ പറഞ്ഞു.

ഇരുപത്തിയൊന്ന്‌ എംപിമാരാണ്‌ ശനി രാവിലെ ഇഫാലിൽ എത്തിയത്‌. മുൻമുഖ്യമന്ത്രി ഒക്രം ഇബോബി സിങ്‌, സിപിഐ എം സംസ്ഥാന സെക്രട്ടറി ശാന്ത ക്ഷത്രിമയൂം എന്നിവരുടെ നേതൃത്വത്തിൽ ഇവരെ ഇംഫാൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. രണ്ട്‌ സംഘമായി എംപിമാർ ഹെലികോപ്‌ടറുകളിൽ ചുരാചന്ദ്‌പുരിലേയ്‌ക്ക്‌ പോയി. അവിടെ ബോയ്‌സ്‌ ഹോസ്‌റ്റലിലെ ദുരിതാശ്വാസ ക്യാമ്പ്‌ അടക്കം സന്ദർശിച്ചു. ഇംഫാലിൽ മടങ്ങിവന്നശേഷം മൊയ്‌റാങ്‌, ലംബോയ്‌ഖോങ്ങാങ്‌ഖോങ്‌ എന്നിവിടങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ചു. ഞായർ രാവിലെ ഗവർണർ അനസൂയ ഉയ്കെയെ കാണും.

എ എ റഹിം(സിപിഐ എം), പി സന്തോഷ്‌കുമാർ(സിപിഐ), ഇ ടി മുഹമ്മദ്‌ബഷീർ(മുസ്ലിം ലീഗ്‌), എൻ കെ പ്രേമചന്ദ്രൻ(ആർഎസ്‌പി), കൊടിക്കുന്നിൽ സുരേഷ്‌(കോൺഗ്രസ്‌) എന്നിവർ സംഘത്തിലുണ്ട്‌.

Top