മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ എവറസ്റ്റ് കീഴടക്കിയ സംഘവും

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബംഗളൂരുവില്‍ നിന്ന് പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാണ്ടോകള്‍ ഉടന്‍ പുറപ്പെടും. അവരെ വ്യോമസേനയുടെ AN 32 വിമാനത്തില്‍ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള ഏഴ് പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണില്‍ നിന്ന് വൈകിട്ട് 7.30ന് മലമ്പുഴയിലേക്ക് പുറപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ നാളെ പകല്‍ വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിണ്‍ ഭാരത് GOC അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Top