താരിഖ് അന്‍വറിന്റെ സമവായങ്ങളോട് മുഖംതിരിച്ച് ഗ്രൂപ്പുകള്‍; സോണിയാ ഗാന്ധി ഇടപെടണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടണമെന്ന ആവശ്യവുമായി ഗ്രൂപ്പുകള്‍ രംഗത്ത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സമവായ ശ്രമങ്ങളോട് മുഖം തിരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. കെസി വേണുഗോപാലിന്റെ നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കുന്ന താരിഖ് അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരം ഗ്രൂപ്പുകള്‍ക്കുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തി കേരളത്തില്‍ തന്നെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഹൈക്കമാന്‍ഡ് താരിഖ് അന്‍വറിനെ കേരളത്തിലേക്ക് അയക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിലും ഗ്രൂപ്പ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. പ്രശ്‌ന സന്ധികളില്‍ നേതാക്കളെ ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം ഏകപക്ഷീയ തീരുമാനങ്ങളാണ് താരിഖ് കൈകൊണ്ടതെന്നാണ് പരാതി.

കെ സി വേണുഗോപാലിന്റെ ചട്ടുകം മാത്രമാണ് താരിഖ് എന്ന് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ചുമതലയില്‍ നിന്ന് താരിഖ് അന്‍വറിനെ മാറ്റണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗ്രൂപ്പുകള്‍.

അടുത്തയാഴ്ച സംസ്ഥാനത്തെത്തുന്ന താരിഖുമായി കൂടിക്കാഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തയ്യാറായേക്കും. പ്രശ്‌നപരിഹാരത്തിന് സോണിയാ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലാണ് ഇരുവരും ആവശ്യപ്പെടുന്നത്. കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിന് മുന്‍പ് ഇടപെടല്‍ ഉറപ്പാക്കാനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്.

Top