തിരുവനന്തപുരം : സംസ്ഥാനത്തു മദ്യ വിൽപനയിൽ 2.4 ശതമാനത്തിന്റെയും വരുമാനത്തിൽ 340 കോടി രൂപയുടെയും വർധന. കഴിഞ്ഞ വർഷം ജൂലൈ 24 വരെയുള്ള ഒരു വർഷം 67.83 ലക്ഷം കെയ്സ് മദ്യമായിരുന്നു വിറ്റതെങ്കിൽ ഈ വർഷം ജൂലൈ 24 വരെ അത് 69.92 ലക്ഷം കെയ്സായി. ബവ്കോ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതിനാൽ ആൾക്കൂട്ടം കുറഞ്ഞതാകാം വിപണനം കുറഞ്ഞെന്ന പ്രചാരണത്തിനു കാരണമെന്നു നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകും എക്സൈസ് കമ്മിഷണർ മഹിപാൽ യാദവും പറഞ്ഞു. എത്ര ബാറുകൾ ഈ സർക്കാർ വന്ന ശേഷം അനുവദിച്ചെന്ന ചോദ്യത്തിനു കണക്ക് കൈവശമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സർക്കാർ ഉടമസ്ഥതയിലുള്ള, തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ ‘ജവാൻ’ എന്ന റമ്മിന്റെ പ്രതിദിന ഉൽപാദനം 8000 കെയ്സിൽനിന്ന് 12,000 കെയ്സ് ആയി വർധിപ്പിച്ചെന്നും വൈകാതെ 15,000 കെയ്സ് ആയി ഉയർത്തുമെന്നും ബവ്കോ എംഡി യോഗേഷ് ഗുപ്ത പറഞ്ഞു. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിലെ മദ്യ ഉൽപാദനം ഈ വർഷം ആരംഭിക്കും.
സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ചട്ടങ്ങൾ ക്രമീകരിക്കുമെന്നു പുതിയ മദ്യനയത്തിൽ പറയുന്നു. കേരളത്തിൽ വിൽക്കുന്ന മദ്യത്തിനു ബാധകമായ ലേബൽ–ബ്രാൻഡ് റജിസ്ട്രേഷൻ ഫീസ് തന്നെയാണു കയറ്റുമതി മദ്യത്തിനും ഈടാക്കുന്നത്. ഇതു കുറയ്ക്കണമെന്നു മദ്യനിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ബാർ ലൈസൻസ് ഫീസിനു പുറമേ, സീ-മെൻ, മറൈൻ ഓഫിസേഴ്സ് ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിനുള്ള ഫീസ് അരലക്ഷത്തിൽനിന്നു 2 ലക്ഷമാക്കാനും തീരുമാനിച്ചു.
ഏപ്രിലിൽ നടപ്പാക്കേണ്ട മദ്യനയത്തിന് 4 മാസം വൈകി ഇന്നലെയാണു മന്ത്രിസഭാ യോഗം അനുമതി നൽകിയത്. പഴവർഗങ്ങളിൽനിന്നു വീര്യം കുറഞ്ഞ മദ്യം, കള്ളു വാഹനത്തിനു ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം, കേരളത്തിൽ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉൽപാദനം തുടങ്ങി കഴിഞ്ഞ മദ്യനയത്തിലെ പല പ്രഖ്യാപനങ്ങളും ആവർത്തിച്ചിട്ടുണ്ട്.