നരേന്ദ്ര മോദിക്കൊപ്പം വളർന്ന അദാനി; ‘അതും ഒരു വല്ലാത്ത കഥ തന്നെയാണ് !

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷാ അടക്കമുള്ള മറ്റു നേതാക്കളുമായും ആഴത്തില്‍ ബന്ധമുള്ള ബിസിനസ്സുകാരനാണ് ഗൗതം അദാനി. അദ്ദേഹത്തിന്റെ വളര്‍ച്ചയാകട്ടെ അതിവേഗവുമായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് സമസ്ത മേഖലയിലും പിടിമുറുക് കി അദാനി മുന്നോട്ട് കുതച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ മോദിയോടുള്ള അടുപ്പം അദ്ദേഹം പ്രധാനമന്ത്രിയായപ്പോഴും ശക്തമായി മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു അദാനി.

ഇപ്പോള്‍ ലോകത്തെ കോടീശ്വരന്മാരില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗൗതം അദാനി. ഏറ്റവും പുതിയ ഫോര്‍ബ്‌സ് പട്ടികയിലാണ് ഈ വിവരമുള്ളത്.നിലവില്‍ അദാനിയുടെ മൂല്യം 12.37 ലക്ഷം കോടി രൂപയാണ്. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ചാണ് മൂല്യം കണക്കാക്കുന്നത്.

ടെസ്‌ല, സ്‌പേസ്എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്നെയാണ് കോടീശ്വരന്മാരില്‍ ഒന്നാമന്‍.
അദാനിയുടെ അതിവേഗ വളര്‍ച്ചക്ക് പിന്നില്‍ മോദി സര്‍ക്കാറിന്റെ ‘അദൃശ കരങ്ങള്‍’ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇത്തരം ആരോപണം ഉന്നയിക്കുന്നവരില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മാത്രമല്ല ബിസിനസ്സ് കേന്ദ്രങ്ങളും ഉണ്ട്. ഇതിലെ യാഥാര്‍ത്ഥ്യം എന്തായാലും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് അദാനി തന്റെ സാമ്രാജ്യം വിപുലപ്പെടുത്തിയിരിക്കുന്നത് എന്നത് തന്നെയാണ്.

400 കോടി ചിലവിട്ട് നിര്‍മ്മിച്ച ഒരു വീടും ഗൗതം അദാനി സ്വന്തമാക്കിയിട്ടുണ്ട്. 2020-ല്‍ ആണ് ദില്ലിയിലെ ഈ വീട് അദ്ദേഹം വാങ്ങിയത്. 3.4 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ വീടിനെ ഒരു ബംഗ്ലാവ് എന്നു തന്നെ വിളിക്കാം. അദാനിയുടെ ഏറ്റവും ചെലവേറിയ ആസ്തികളില്‍ ഒന്നാണിത്. ആദ്യം 265 കോടിയും രണ്ടാമത് 135 കോടിയും നല്‍കിയാണ് അദാനി ഈ വാസസ്ഥലം സ്വന്തമാക്കിയിരിക്കുന്നത്. അഹമ്മദാബാദിലും അദ്ദേഹത്തിന് സ്വന്തമായി ഒരു വീടുണ്ട്. അദാനി ഏറ്റവും കൂടുതല്‍ സമയം താമസിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലവും ഇതാണ്. അഹമ്മദാബാദിലെ ഈ വീടിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അദാനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചുറ്റും വലിയ മരങ്ങള്‍ കൊണ്ട് ഈ വീടിനെ മനോഹരമാക്കിയിരിക്കുന്നു. ഗൗതം അദാനി തന്റെ ഭാര്യ പ്രീതി അദാനി മകന്‍ കരണ്‍, ജീത് അദാനി മരുമകള്‍ എന്നിവര്‍ക്കൊപ്പമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

ആഡംബര സ്വകാര്യ വിമാനങ്ങളുടെയും കാറുകളുടെയും ഹെലികോപ്റ്ററുകളുടെയും കാര്യത്തിലും മറ്റു കോടീശ്വരന്‍മാരില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന വ്യക്തിയാണ് അദാനി. ബൊംബാര്‍ഡിയര്‍, ബീച്ച്ക്രാഫ്റ്റ്, ഹോക്കര്‍ തുടങ്ങിയ തന്റെ സ്വകാര്യ വിമാനങ്ങളിലാണ് അദാനി പ്രധാനമായും യാത്ര ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും വിലകുറഞ്ഞ സ്വകാര്യ ജെറ്റിന് ഇന്ത്യയില്‍ ഏകദേശം 15.2 കോടി രൂപയാണ് വില.  മൂന്ന് ആഡംബര ജെറ്റ് വിമാനങ്ങള്‍ കൂടാതെ അദാനിയുടെ ചെറിയ യാത്രകള്‍ക്കായി മൂന്ന് ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് AW139 ഹെലികോപ്റ്ററിലാണ് അദാനി ഏറ്റവും കൂടുതല്‍ സഞ്ചരിക്കാറുള്ളത്. ഇരട്ട എഞ്ചിനുകളാല്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെലികോപ്റ്ററിന് 15 പേരെ ഉള്‍ക്കൊള്ളാനും മണിക്കൂറില്‍ 310 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും കഴിയും.

അദാനി എന്റര്‍പ്രൈസിന് ഏകദേശം 17 കപ്പലുകള്‍ സ്വന്തമായുണ്ട്. എന്നാല്‍ 2018-ല്‍ ഗൗതം അദാനി പുതുതായി വാങ്ങിയ രണ്ട് കപ്പലുകള്‍ക്ക് തന്റെ മരുമക്കളുടെ പേരിട്ടതോടെ അത് ആ മേഖലയിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. എം/ഡബ്ല്യു വാന്‍ഷി, എം/ഡബ്ല്യു റാഹി എന്നീ പേരുകള്‍ ഉള്ള ഈ രണ്ട് കപ്പലുകളും നിര്‍മ്മിച്ചത് ദക്ഷിണ കൊറിയയിലെ ഹാന്‍ജിന്‍ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. ഇന്ത്യയിലെ പ്രധാന കല്‍ക്കരി ഇറക്കുമതിക്കാരില്‍ ഒന്നാണ് അദാനി എന്റര്‍പ്രൈസ് എന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ട കാര്യമാണ്.

ഗൗതം അദാനിക്ക് ഇന്ത്യയില്‍ ആകെ ഏഴ് വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശമാണുള്ളത്. മുംബൈ, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങളില്‍ അദാനി എന്റര്‍പ്രൈസ് ലിമിറ്റഡിന് ഓഹരിയുമുണ്ട്.

ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി ഖനികളിലൊന്നായ കാര്‍മൈക്കല്‍ ഖനിയും അദാനിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓസ്ട്രേലിയന്‍ കല്‍ക്കരി ഖനിക്ക് അടുത്ത മൂന്ന് ദശകത്തേക്ക് വാര്‍ഷിക നിരക്കില്‍ 10 ദശലക്ഷം ടണ്‍ താപ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കഴിയും. ഈ പദ്ധതി 2010-ല്‍ ആരംഭിച്ചതാണ്.

അദാനി പോര്‍ട്സ് ആന്‍ഡ് ലോജിസ്റ്റിക്സിന്റെ കണക്കനുസരിച്ച് ഇന്ത്യയിലുടനീളം മൊത്തം 13 തുറമുഖങ്ങളാണ് കമ്പനിക്കുള്ളത്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ പോര്‍ട്ട് ഓപ്പറേറ്റിംഗ് കമ്പനിയാക്കി അദാനി പോര്‍ട്‌സിനെ മാറ്റിയിട്ടുണ്ട്. രാജ്യത്തിന്റെ തുറമുഖ ശേഷിയില്‍ കമ്പനിക്ക് 23% ഓഹരിയുണ്ട്. ഇത് ഇന്ത്യയുടെ വ്യാപാരത്തിലും ലോജിസ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചറിലും അദാനിയുടെ സ്വാധീനത്തെ സൂചിപ്പിക്കുന്നതാണ്.

ഫോസില്‍ ഇന്ധനങ്ങളില്‍ മാത്രം ഒതുങ്ങാതെ വ്യത്യസ്തമായ സംരംഭങ്ങളിലൂടെ പുനരുപയോഗ ഊര്‍ജത്തിന്റെ മുന്‍നിര നിര്‍മ്മാതാവാകാനാണ് അദാനി നിലവില്‍ ലക്ഷ്യമിടുന്നത്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗിക്കാവുന്ന കമ്പനികളിലൊന്ന് എന്ന പദവിയും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള സോളാര്‍, വിന്‍ഡ് ഫാം പദ്ധതികളില്‍ കമ്പനി വന്‍തോതില്‍ നിക്ഷേപമാണ് നടത്തി വരുന്നത്.

ഊര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ ഒരു സ്വയംപര്യാപ്ത രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ വാതക പര്യവേക്ഷണത്തിലേക്കുള്ള അദാനിയുടെ കടന്നുവരവ് എന്നാണ് അവകാശവാദം. ഇന്ത്യയിലെ പ്രകൃതി വാതക ശേഖരം കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി വെല്‍സ്പണ്‍ എന്റര്‍പ്രൈസസ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭവും അദാനി ആരംഭിച്ചിട്ടുണ്ട്. എന്തിനേറെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പോലും അദാനിയുടെ സാന്നിധ്യം ശക്തമാണ്. അദാനി ഗ്രൂപ്പിന്റെ അദാനി സ്പോര്‍ട്സ്ലൈന്‍ 2022 മെയ് മാസത്തില്‍ യു.എ.ഇ യുടെ മുന്‍നിര ടി20 ലീഗില്‍ ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അവകാശം സ്വന്തമാക്കികൊണ്ടാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ആദ്യ നിക്ഷേപം നടത്തിയിരിക്കുന്നത്. രണ്ട് മാസത്തിനു ശേഷം ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റായ ഗുജറാത്ത് ജയന്റ്സിനെ ഏറ്റെടുത്തുകൊണ്ട് കമ്പനി രണ്ടാം നിക്ഷേപവും നടത്തുകയുണ്ടായി.

ഇപ്പോള്‍ രാജ്യത്തെ മാധ്യമ മേഖലയെ കൈപ്പടിയില്‍ ഒതുക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.
നിലവില്‍ ഇന്ത്യയിലെ ചാനലുകളില്‍ വലിയൊരു വിഭാഗത്തിന്റേയും ഉടമസ്ഥാവകാശം മുകേഷ് അംബാനിയുടെ കമ്പനിക്കാണ്. അദാനി പിടിമുറുക്കിയാല്‍ അത് അംബാനിക്കും വെല്ലുവിളിയാകും. മുകേഷ് അംബാനിയും മോദിയുടെ സുഹൃത്തായതിനാല്‍ ബി.ജെ.പിയെ സംബന്ധിച്ച് രണ്ടില്‍ ആര് ആധിപത്യം ഉറപ്പിച്ചാലും ഒരു പോലെ ആയിരിക്കും. വ്യവസായികള്‍ സ്വന്തം സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാരിന് അനുകൂലമായി വാര്‍ത്തകള്‍ എഴുതാന്‍ പ്രേരിപ്പിച്ചാല്‍ അത് വലിയ പ്രത്യാഘാതമാണുണ്ടാക്കുക. ഈ രീതി നിലവില്‍ തുടരുന്നുണ്ടെന്ന് ഇക്കണോമിസ്റ്റ് ലേഖനത്തിലും മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമ മേഖലയില്‍ കൂടി അദാനി പിടിമുറുക്കുന്നതോടെ മാധ്യമ മേഖലയിലും അതിന്റെ മാറ്റങ്ങള്‍ കൂടുതല്‍ ശക്തമായി പ്രകടമാകും. സംഘപരിവാര്‍ രാഷ്ട്രീയത്തിനാണ് ആത്യന്തികമായി അത് ഗുണം ചെയ്യുവാന്‍ പോകുന്നത്. രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

എന്‍ഡിടിവി അദാനി ഗ്രൂപ്പ് ഏറ്റെടുത്തത് മാധ്യമ മേഖലയെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഇതൊരു തുടക്കമാണെന്നും മാധ്യമ മേഖലയെ ആകെ അദാനി ഗ്രൂപ്പ് വിഴുങ്ങുമോ എന്ന മുന്നറിയിപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തന്നെ നല്‍കി കഴിഞ്ഞു.


EXPRESS KERALA VIEW

Top