ഇനി ഇന്‍റര്‍നെറ്റിന് വേഗം കൂടും ;ഇ​ന്ത്യ​യു​ടെ ഭാ​രം കൂ​ടി​യ ഉ​പ​ഗ്ര​ഹം ജി​സാ​റ്റ് – 11 വി​ക്ഷേ​പി​ച്ചു

ബംഗളൂരു: ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറൂവില്‍ നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 2.07നായിരുന്നു വിക്ഷേപണം.

എരിയന്‍-5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഏരിയന്‍ 5 റോക്കറ്റിനുള്ളത്.

വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന് 5,845 കിലോഗ്രാം ഭാരമുണ്ട്. കെഎ, കെയു ബാന്‍ഡുകളില്‍ 12 ജിബിപിഎസ് ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സേവനം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്. റേഡിയോ സിഗ്‌നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്‌പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. ഈ ഉപഗ്രഹത്തിനും വിക്ഷേപണത്തിനുമായി 1,117 കോടി രൂപയാണ് ചെലവായത്.

ഗ്രാമീണമേഖലയുടെ ഇന്റര്‍നെറ്റ് വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രാഥമിക ലക്ഷ്യം. ഗ്രാമീണ മേഖലയില്‍ ഇനി ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും ലഭ്യമാകും.

ജിസാറ്റ് -11 മേയില്‍ വിക്ഷേപിക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ലക്ഷ്യമിട്ടിരുന്നതെങ്കിലും ചില തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉപഗ്രഹം തിരിച്ചുവിളിച്ചു. ഉപഗ്രഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് വീണ്ടും വിക്ഷേപണം നടത്തിയത്. ഈ ശ്രേണിയില്‍പ്പെട്ട ജിസാറ്റ് -19, ജിസാറ്റ് -29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. 2019ല്‍ ജിസാറ്റ്-20 ഇസ്രോ വിക്ഷേപിക്കും.

Top