ഭൂസ്ഥിര ഭ്രമണപഥത്തിൽ മാത്രം 17 ഉപഗ്രഹം, ഒരു മാസത്തിൽ 3, ചരിത്രം തിരുത്തി ഇന്ത്യ !

ബെംഗളുരു: ജിസാറ്റ് 17 കൂടി വിജയകരമായി വിക്ഷേപിച്ചതോടെ ഇന്ത്യ രചിച്ചത് പുതിയ ചരിത്രം.

ഇതോടെ ഭൂസ്ഥിര ഭ്രമണപഥത്തില്‍ മാത്രം ഐ.എസ്.ആര്‍.ഒയുടേതായി 17 ഉപഗ്രഹങ്ങളായി.

ഈ ഒരൊറ്റ മാസത്തില്‍ മാത്രം മൂന്ന് ഉപഗ്രഹം വിക്ഷേപിച്ച ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വീണ്ടും വിസ്മയം സൃഷ്ടിച്ചു കഴിഞ്ഞു.

നേരത്തെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയില്‍ നിന്നാണ് കുതിച്ചുയര്‍ന്നതെങ്കില്‍ ഇന്നു പുലര്‍ച്ചെ കുതിച്ചുയര്‍ന്ന ജിസാറ്റ് 17 ഫ്രഞ്ച് ഗയാനയില്‍ നിന്നുമാണ് വിക്ഷേപിച്ചത്.

3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ഏരിയന്‍ 5 വി.എ 238 റോക്കറ്റാണ് ചരിത്ര ദൗത്യം നിര്‍വ്വഹിച്ചത്.
IMG-20170629-WA013
ഭ്രമണപഥത്തിലെത്തുന്നതോടെ ഹാസ്സനിലെ ഐ.എസ്.ആര്‍.ഒ.യൂണിറ്റ് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. 15 വര്‍ഷമാണ് ആയുസ്സ് കണക്കാക്കുന്നത്.

ആശയ വിനിമയ സേവനം മുന്‍നിര്‍ത്തിയുള്ള ഈ ഉപഗ്രഹം കാലാവസ്ഥ വിവരങ്ങള്‍ ലഭിക്കുന്നതിനും സഹായിക്കുമെന്നതും ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്.

ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനാണ് ഐ.എസ്.ആര്‍.ഒ ഏരിയന്‍ 5 റോക്കറ്റിനെ ആശ്രയിക്കുന്നത്.

റോക്കറ്റില്‍ നിന്നും വിജയകരമായി ഉപഗ്രഹത്തെ വേര്‍പെടുത്താന്‍ കഴിഞ്ഞതായി ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

തുടര്‍ച്ചയായി ബഹിരാകാശത്ത് ഇന്ത്യ വിജയകരമായ വിക്ഷേപണം നടത്തുന്നത് ലോക വന്‍ശക്തികള്‍ക്ക് പോലും അത്ഭുതമായിരിക്കുകയാണിപ്പോള്‍.

ശാസ്ത്രസാങ്കേതിക രംഗത്തെ ഇന്ത്യയുടെ ഈ മുന്നേറ്റം അത്ഭുതത്തോടെയാണ് നാസയിലെയടക്കം ശാസ്ത്രജ്ഞര്‍ നോക്കിക്കാണുന്നത്.

Top