ചെന്നൈ: ജിസാറ്റ്7എ വിക്ഷേപണം ഇന്ന്. ഇന്ത്യയുടെ 35ാം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്7 എ ഇന്ന് 4.10ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 2.10ന് ആരംഭിച്ചതായി ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു.
എട്ട് വര്‍ഷം കാലാവധിയുള്ള ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന പരിധി ഇന്ത്യ മാത്രമായിരിക്കും. ജി.എസ്.എല്‍.വി. എഫ്11 റോക്കറ്റാണ് ജിസാറ്റ്7എയെ ഭ്രമണപഥത്തിലെത്തിക്കുന്നത്. 2,250 കിലോഗ്രാമാണ് ഭാരം. ജിസാറ്റ്7 എയുടെ വിക്ഷേപണം ഇന്ത്യന്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.
ഈ വര്‍ഷം ശ്രീഹരിക്കോട്ടയില്‍ നടക്കുന്ന ഏഴാം വിക്ഷേപണമാണിത്. ജി.എസ്.എല്‍.വി. ശ്രേണിയിലെ 13ാം വിക്ഷേപണവാഹനമാണ് ജി.എസ്.എല്‍.വി.എഫ്11. മൂന്നുഘട്ടമായി പ്രവര്‍ത്തിപ്പിച്ചാണ് ഉപഗ്രഹത്തെ വിക്ഷേപണ വാഹനം ഭ്രമണപഥത്തിലെത്തിക്കുക.