GST bill; p. chithambaram statement

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) എന്ന ആശയത്തെ കോണ്‍ഗ്രസ് എതിര്‍ത്തിട്ടില്ലെന്ന് മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അഭിപ്രായപ്പെട്ടു.

ജിഎസ്ടി എന്ന ആശയത്തെയല്ല മറിച്ച് ബില്ലിന്റെ നിലവിലെ രൂപത്തെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്ന് ചിദംബരം വ്യക്തമാക്കി.

രാജ്യസഭയില്‍ ജിഎസ്ടി ബില്‍ അവതരണത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി മണി ബില്‍ ആയല്ല ധനബില്‍ ആയിട്ട് വേണം അവതരിപ്പിക്കാനെന്ന് ചിദംബരം ആവശ്യപ്പെട്ടു.

ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ ഡിസ്പ്യൂട്ട് റെസൊലൂഷന്‍ അതോറിറ്റി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബില്ലില്‍ സാധാരണ നികുതി നിരക്ക് 18 ശതമാനമാക്കി നിജപ്പെടുത്തണമെന്നും അദ്ദേഹം പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ദേശീയ ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ ഭേദഗതികകള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നിരുന്ന മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ബില്ലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതാണ് സര്‍ക്കാരിന് ആശ്വാസമേകിയത്.

എല്ലാ പാര്‍ട്ടികളും പിന്തുണച്ചതോടെ ബില്‍ രാജ്യസഭയില്‍ ഏകകണ്‌ഠേന പാസാകും.

എല്ലാപാര്‍ട്ടികളും പിന്തുണച്ചത് കൊണ്ടാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്നും ഒറ്റക്കെട്ടായി നിന്നുകൊണ്ടല്ലാതെ ജിഎസ്ടി പോലൊരു പരിഷ്‌കാരം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.

അതേസമയം ബില്ലിന്റെ പരിധിയില്‍ നിന്ന് ചില ഉത്പ്പന്നങ്ങളെ ഒഴിവാക്കണമെന്ന് എഐഎഡിഎംകെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Top