തൃശ്ശൂര്‍: ജി.എസ്.ടി. യുടെ വരവോടെ സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് വില കുറയേണ്ടതിന് പകരം കൂടിയിരിക്കുകയാണ്.
കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ മാത്രമാണ് കുറവുണ്ടായിരിക്കുന്നത്.
ജി.എസ്.ടി. വന്നതോടെ തിയേറ്ററുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കിയിരുന്ന നികുതി ഇല്ലാതായി.
കോര്‍പ്പറേഷന്‍ പരിധിയില്‍ 25, മുനിസിപ്പാലിറ്റിയില്‍ 20, പഞ്ചായത്തില്‍ 15 എന്നിങ്ങനെയായിരുന്നു വിനോദ നികുതി ശതമാനത്തില്‍ ഈടാക്കിയിരുന്നത്. ഇതിന് പകരമായി 18 ശതമാനം ജി.എസ്.ടി. നടപ്പാക്കി.
നൂറു രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിന് 28 ശതമാനമാണ് ജി.എസ്.ടി.100 രൂപയുള്ള ടിക്കറ്റിന് ജി.എസ്.ടി. നിയമപ്രകാരം 25 രൂപ വിനോദനികുതി കുറച്ച് 18 രൂപ കൂട്ടുകയാണ് വേണ്ടത്. ഇതോടെ നിരക്കില്‍ ഏഴ് രൂപ കുറയും. എന്നാല്‍, മിക്ക തിയേറ്റര്‍ ഉടമകളും നിലവിലുണ്ടായിരുന്ന ചാര്‍ജിന്മേല്‍ ജി.എസ്.ടി. കൂടി കൂട്ടുകയാണ് ചെയ്തിരിക്കുന്നത്.
റിസര്‍വേഷന്റെ പേരിലും തട്ടിപ്പ് നടത്തുന്നതായാണ് വിവരം.എന്നാല്‍ ജി.എസ്.ടി.യുടെ പേരില്‍ തിയേറ്ററുകളില്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി എം.സി. ബോബി പറഞ്ഞു.
നിരക്ക് അഡ്ജസ്റ്റ് ചെയ്യുന്നതിനായി മൂന്നോ നാലോ രൂപയുടെ വ്യത്യാസം മാത്രം വരുത്തിയിട്ടുള്ളതെന്നും വന്‍ തോതില്‍ ചാര്‍ജ് കൂട്ടിയ തിയേറ്ററുകളുമായി സംഘടനയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.