ന്യൂഡല്‍ഹി: ജിഎസ്ടി-സെസ്സ് വര്‍ധനവിനെ തുടര്‍ന്ന് ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും വില ജാഗ്വാര്‍ ഇന്ത്യയും വര്‍ധിപ്പിച്ചു.
എണ്‍പതിനായിരം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് വിവിധ മോഡല്‍ കാറുകളുടെയും എസ്‌യുവികളുടെയും വില വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ എസ്‌യുവികളുടെയും വില വര്‍ധിപ്പിക്കുന്നതിന് സഹോദര ബ്രാന്‍ഡായ ലാന്‍ഡ് റോവറിനെയും സെസ്സ് വര്‍ധന നിര്‍ബന്ധിച്ചിരുന്നു.
28 ശതമാനം ജിഎസ്ടിക്കു പുറമേ മിഡ്‌സൈസ് കാറുകള്‍, വലിയ കാറുകള്‍, എസ്‌യുവികള്‍ എന്നിവയുടെ സെസ്സാണ് ഈയിടെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ വര്‍ധിപ്പിച്ചത്.
മിഡ്‌സൈസ് കാറുകളുടെ സെസ്സ് രണ്ട് ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ ആകെ നികുതി ഭാരം 45 ശതമാനമായും വലിയ കാറുകളുടെ സെസ്സ് അഞ്ച് ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ ആകെ നികുതി 48 ശതമാനവും എസ്‌യുവികളുടെ സെസ്സ് ഏഴ് ശതമാനം കൂട്ടിയപ്പോള്‍ ആകെ നികുതി 50 ശതമാനമായും വര്‍ധിച്ചിരുന്നു.
ജാഗ്വാര്‍ എക്‌സ്ഇ
സെസ്സ് വര്‍ധന ഏറ്റവും കുറവ് ബാധിച്ചത് ജാഗ്വാര്‍ എക്‌സ്ഇ എന്ന സ്‌പോര്‍ട്‌സ് സെഡാനാണ്. 80,000 രൂപ മാത്രമാണ് ചില മോഡലുകള്‍ക്ക് വില വര്‍ധിച്ചിരിക്കുന്നത്.
ജിഎസ്ടി നടപ്പാക്കിയ സമയത്ത് എക്‌സ്ഇയുടെ പെട്രോള്‍ വകഭേദത്തിന് 34.64-42.47 ലക്ഷം രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 35.85-43.69 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. എക്‌സ്ഇയുടെ ഡീസല്‍ വകഭേദത്തിന് 35.37-43.21 ലക്ഷം രൂപയായിരുന്നത് 36.61-44.72 ലക്ഷം രൂപയായി (എക്‌സ് ഷോറൂം) വര്‍ധിപ്പിച്ചു.
ജാഗ്വാര്‍ എക്‌സ്എഫ്
ജാഗ്വാര്‍ നിരയിലെ ഏറ്റവും ജനപ്രിയമായ സെഡാനുകളിലൊന്നായ എക്‌സ്എഫ് 2 ലിറ്റര്‍ പെട്രോള്‍, 2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളിലാണ് വിപണിയില്‍ ലഭിക്കുന്നത്.
2 ലിറ്റര്‍ ഡീസല്‍ വേരിയന്റിന് 46.46-59.25 ലക്ഷം രൂപയാണ് പുതിയ വില. പെട്രോള്‍ വേരിയന്റിന് ഇനി 51.40-58.35 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) നല്‍കണം.
ജാഗ്വാര്‍ എക്‌സ്‌ജെ
ജാഗ്വാറിന്റെ ഇന്ത്യയിലെ ആഡംബര ലിമോസിനാണ് എക്‌സ്‌ജെ. പെട്രോള്‍ വേരിയന്റിന് 97.39 ലക്ഷം രൂപയായിരുന്ന വില ഇപ്പോള്‍ ഒരു കോടി രൂപയായി വര്‍ധിപ്പിച്ചു.
3 ലിറ്റര്‍ ഡീസല്‍ മോഡലിന് 1.07 കോടി രൂപയാണ് വില.
ജാഗ്വാര്‍ എഫ്‌പേസ്
ലോകത്തെ പ്രശസ്ത എസ്‌യുവികളിലൊന്നാണ് ജാഗ്വാര്‍ എഫ്‌പേസ്. നിലവിലെ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പട്ടവും എഫ്‌പേസിനുതന്നെ. 2 ലിറ്റര്‍, 3 ലിറ്റര്‍ എന്നീ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മാത്രമാണ് എഫ്‌പേസ് ഇന്ത്യയില്‍ ലഭിക്കുന്നത്.
2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേര്‍ഷന് 70.67-76.84 ലക്ഷം രൂപയാണ് പുതിയ വില. 3 ലിറ്റര്‍ ഡീസല്‍ എഫ്‌പേസിന്റെ ലോഞ്ച് എഡിഷന്‍ മാത്രമാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. ഈ ആര്‍ലൈനിന് 1.05-1.15 കോടി രൂപയാണ് ഇപ്പോഴത്തെ വില.
ജാഗ്വാര്‍ എഫ്-ടൈപ്പ്
ഇന്ത്യയിലെ ഏറ്റവും വിലയേറിയ ജാഗ്വാര്‍ മോഡലാണ് എഫ്-ടൈപ്പ്. എഫ്‌ടൈപ്പിന്റെ കൂപ്പെ വേര്‍ഷന് 2.15-2.57 കോടി രൂപയാണ് പുതിയ വില. കണ്‍വെര്‍ട്ടബിള്‍ വേരിയന്റിന് 2.29-2.72 കോടി രൂപ നല്‍കണം.