ജിഎസ്ടി-സെസ് ; ഹ്യുണ്ടായി കാറുകളുടെയും വില വര്‍ധിപ്പിച്ചു

ജിഎസ്ടി സെസ് വർധിപ്പിച്ചതിനാൽ ഹ്യുണ്ടായി കാറുകളുടെ വില വര്‍ധിപ്പിച്ചു.

84,867 രൂപ വരെയാണ് വിവിധ മോഡലുകൾക്ക് കമ്പനി വില വര്‍ധിപ്പിച്ചിരിക്കുന്നത്.

രണ്ട് മുതല്‍ അഞ്ച് ശതമാനം വരെയാണ് വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നതെന്ന് ഹ്യുണ്ടായി ഔദ്യോഗികമായി അറിയിച്ചു.

സെപ്തംബര്‍ 11 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായും ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. i20, വേര്‍ണ, ക്രെറ്റ, എലാന്‍ട്ര, ട്യൂസോണ്‍ എസ്‌യുവി മോഡലുകള്‍ക്കാണ് വില വര്‍ധിച്ചിരിക്കുന്നത്.

എന്നാൽ ഗ്രാന്‍ഡ് i10 ലും പുതിയ എക്‌സെന്റിലും വിലവര്‍ധിപ്പിക്കാന്‍ ഹ്യുണ്ടായി തയ്യാറായിട്ടില്ല.

ഹ്യുണ്ടായി i20 യുടെ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍-ഓട്ടോമാറ്റിക് പതിപ്പില്‍ മാത്രമാണ് 12,547 രൂപയുടെ വിലവര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. i20 യുടെ മറ്റ് വേരിയന്റുകളുടെ വിലയില്‍ മാറ്റമില്ല.

ഹ്യുണ്ടായി പുതിയതായി അവതരിപ്പിച്ച പുതുതലമുറ വേര്‍ണയില്‍ 29,090 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

ജിഎസ്ടി-സെസ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ടൊയോട്ടയും, ഹോണ്ടയും, ജീപ് ഇന്ത്യയും കാറുകളുടെ വില പുതുക്കിയിരുന്നു.

Top