ജിഎസ്ടി; സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ നിര്‍മ്മാണപ്രവൃത്തികള്‍ നിര്‍ത്തുമെന്നു കരാറുകാര്‍

കൊച്ചി: ജിഎസ്ടി തുക തിരിച്ചു നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ കനത്ത പ്രതിഷേധത്തിനൊരുങ്ങി നിര്‍മ്മാണ കരാറുകാര്‍. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ ജൂലൈ 15 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ നിര്‍മ്മാണപ്രവൃത്തികളും നിര്‍ത്തിവയ്ക്കുമെന്നു ഗവ. കോണ്‍ട്രാക്ടര്‍മാരുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ജിഎസ്ടി തുക തിരിച്ചു നല്‍കാതിരിക്കാനാണു തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രമിക്കുന്നതെന്നും, കെഎസ്ഇബി മാത്രമാണ് ഉത്തരവു നടപ്പാക്കിയത്, മരാമത്ത്, തദ്ദേശ വകുപ്പുകള്‍ ഇതു ബോധപൂര്‍വം അവഗണിക്കുന്നുവെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

മാത്രമല്ല, ആദായനികുതിയും ക്ഷേമനികുതിയും കൂടാതെ 12% മുതല്‍ 18% വരെ ജിഎസ്ടി അടയ്ക്കാന്‍ കരാറുകാര്‍ നിര്‍ബന്ധിതരാകുന്നുവെന്നും, 10% ആണു കരാറുകാരന്റെ ലാഭം എന്നാല്‍ 14% നികുതി അടയ്‌ക്കേണ്ടി വരുന്നു. ഇതിനിടെയാണു മുദ്രപത്ര വില വര്‍ധിപ്പിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ അടങ്കല്‍ തയാറാക്കുമ്പോള്‍ ജിഎസ്ടി അധികമായി ഉള്‍പ്പെടുത്തുക, കരാര്‍ വയ്ക്കുന്നതിനുള്ള ഫീസ് ടെന്‍ഡര്‍ തുകയുടെ 0.10 ശതമാനമാക്കിയതു പിന്‍വലിക്കുക, കരിങ്കല്ല്, മെറ്റല്‍ തുടങ്ങിയവ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം.

Top