പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴില്‍ വരുമോ ? ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

ന്യൂഡല്‍ഹി: 45ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ലഖ്‌നൗവില്‍ ചേരും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്.

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗം ചര്‍ച്ച ചെയ്‌തേക്കും. പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കാനുള്ള ചരിത്രപരമായ തീരുമാനം കൗണ്‍സിലില്‍ ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

കേരളം എതിര്‍പ്പ് ഉന്നയിച്ച വെളിച്ചണ്ണയുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്തുന്നതും യോഗം ഇന്ന് പരിഗണിക്കും. ഓണ്‍ലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗണ്‍സിലിന് മുന്നിലുണ്ട്. ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ജിഎസിടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടാവുകയാണെങ്കില്‍ രാജ്യത്ത് പെട്രോളിന് 75 ഉം ഡീസലിന് 68 രൂപയായെങ്കിലും കുറയും. നിലവില്‍ രാജ്യത്ത് നൂറ് കടന്ന ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

ഇതിന്റ അടിസ്ഥാനത്തിലാണ് യോഗം ഇക്കാര്യം പരിഗണിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടക്കം നടക്കുന്ന സാഹചര്യത്തില്‍ വലിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് സൂചനകള്‍. എന്നാല്‍ ജിഎസ്ടി സംവിധാനത്തില്‍ വരുത്തുന്ന മാറ്റത്തിന് പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം.

സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്. വരുമാനത്തിന്റെ നട്ടെല്ലായ ഇന്ധന വരുമാനം ഇല്ലാതാകുന്നതിനെതിരെ പല സംസ്ഥാനങ്ങളും ശക്തമായി എതിര്‍ത്തേക്കും. പക്ഷെ എതിര്‍പ്പ് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുമെന്നതിനാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലുമുണ്ട്.

Top