gst-council-meeting-today

തിരുവനന്തപുരം: ചരക്കുസേവന നികുതി പിരിക്കുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം തുടരുന്നു. ഇന്നത്തെ യോഗത്തില്‍ തര്‍ക്കം പരിഹരിച്ചാല്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളത്തില്‍ ജി.എസ്.ടി ബില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

നോട്ട് അസാധുവാക്കിയതിനു ശേഷമുളള പ്രതിസന്ധി പരഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്നും കേരളം ആവശ്യപ്പെടും

സമുദ്രാതിര്‍ത്തിയില്‍ പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനുള്ളില്‍ നിലയുറപ്പിക്കുന്ന കപ്പലുകള്‍ക്കുള്ളില്‍ നിന്ന് വില്‍പന നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജി.എസ്.ടി കൗണ്‍സിലിന്റെ ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തത്.

ചരക്കുസേവന നികുതി നടപ്പിലാക്കുമ്പോള്‍ ഇത്തരത്തിലുള്ള നികുതി പിരിക്കുന്നതിനുള്ള അവകാശം സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെയുള്ള തര്‍ക്കം തുടരുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ ഒന്നരകോടിവരെ വിറ്റുവരവുള്ള സ്ഥാപനങ്ങളിലെ നികുതി പിരിക്കുന്നതില്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം ഇന്ന് ചര്‍ച്ച ചെയ്യും.

നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനത്തിന് മാത്രം നല്‍കണമെന്ന് പന്ത്രണ്ട് സംസ്ഥാനങ്ങളും , സംസ്ഥാനവും കേന്ദ്രവും പങ്കിട്ടെടുക്കണമെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാരും ഉറച്ചു നില്‍ക്കുന്നു. ജിഎസ്ടി കൗണ്‍സിലിന്റെ രണ്ടാം ദിനത്തില്‍ നികുതിപിരിവിലെ ഇരട്ടപങ്കാളിത്തം ചര്‍ച്ചയാകും.

ഇതു സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കപരിഹാര സാധ്യത വിദൂരമാണ്. കേന്ദ്ര പൊതുബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായുള്ള ചര്‍ച്ചയില്‍ കേരളം സാമ്പത്തികമാന്ദ്യപാക്കേജ് ആവശ്യപ്പെടും.

തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കല്‍തുക ഇരട്ടിയാക്കുക, സംസ്ഥാന വായ്പ പരിധി നാലു ശതമാനമാക്കുക, കര്‍ഷകര്‍ക്ക് കടാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങളും കേരളം ഉന്നയിക്കും

Top