ദില്ലി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ ചേരും. 46ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണിത്. ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വര്‍ദ്ധിപ്പിച്ച നികുതി ജിഎസ്ടി കൗണ്‍സില്‍ പുനപരിശോധിച്ചേക്കുമെന്നാണ് വിവരം. അടിയന്തരമായി വിളിച്ച് ചേര്‍ത്ത ജിഎസ്ടി കൗണ്‍സില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ വിഗ്യാന്‍ ഭവനിലാണ് ചേരുക. ചെരുപ്പുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വര്‍ദ്ധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍ വരാനിരിക്കെയാണ് ജിഎസ്ടി കൗണ്‍സില്‍ ചേരുന്നത്.
നികുതി 12 ശതമാനമായി വര്‍ദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. വര്‍ദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഈ വിഷയത്തില്‍ സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു. നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുമെന്നതിനാല്‍ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം.
സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വസ്ത്ര വ്യാപാരികളാണ് ജിഎസ്ടി പരിഷ്‌ക്കാരം മൂലം പ്രതിസന്ധി നേരിടാന്‍ പോകുന്നതെന്നായിരുന്നു വ്യാപാരികള്‍ പറയുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്ന രണ്ടുലക്ഷം കുടുംബങ്ങളും പട്ടിണിയിലാകും. 75 വര്‍ഷമായി തുണിത്തരങ്ങള്‍ക്ക് ഇങ്ങനെയൊരു നികുതി ചുമത്തിയിട്ടില്ല. ഇതൊഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെടണമെന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു. അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടണമെന്നും കൗണ്‍സില്‍ യോഗത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും.