വാഹന വിപണിക്ക് അനുകൂലമായ തീരുമാനം ഉണ്ടായേക്കില്ലെന്ന്‌ സൂചന;നിര്‍ണ്ണായക യോഗം നാളെ

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ ഓട്ടോ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. വാഹന വിപണിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന്റെ ഭാഗമായി ജിഎസ്ടി നിരക്കുകളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയേക്കുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി.

നാളെ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വാഹന വിപണിയ്ക്ക് ഗുണമാകുന്ന തീരുമാനങ്ങള്‍ ഉണ്ടാകാനിടയില്ലെന്ന് റിപ്പോര്‍ട്ട്. കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല.

എന്നാല്‍ ടൂറിസം മേഖലയ്ക്ക് ജിഎസ്ടി ഇളവ് പ്രഖ്യാപിച്ചേക്കും. 7,500 മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടയ്ക്കുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് ധന മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ ഹോട്ടല്‍ മുറികളുടെ വാടക നിരക്കില്‍ കുറവുണ്ടായേക്കും. ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശയും യോഗത്തിന്റെ പരിഗണനയിലുണ്ട്.

അതേസമയം,പൊതുമേഖലാ ബാങ്ക് മേധാവികളുമായി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പണലഭ്യത കൂട്ടാനുളളനടപടികള്‍ ചര്‍ച്ചയാകും. പലിശനിരക്ക് കുറച്ച റിസര്‍വ് ബാങ്ക് നടപടിയുടെ ഗുണം ഇടപാടുകാരില്‍ എത്തിക്കാനുളള മാര്‍ഗങ്ങളും ചര്‍ച്ചചെയ്യും.

Top